ഗർഭിണിയായിരിക്കെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു: ഭർത്താവിനെ ഭാര്യ വിഷം കൊടുത്തു കൊന്നു

Share

ചെന്നൈ: ഗര്‍ഭിണിയായിരിക്കെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിന് വിഷം നല്‍കി കൊലപ്പെടുത്തിയ 21കാരി പൊലീസില്‍ കീഴടങ്ങി. ഈറോഡ് സ്വദേശിനിയായ മൈഥിലിയാണ് പൊലീസില്‍ കീഴടങ്ങിയത്. ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.ഗര്‍ഭിണിയായതിനു ശേഷവും നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതോടെ സഹിക്ക വയ്യാതെയാണ് കൊലപാതകം നടത്തിയതെന്നാണ് മൈഥിലി പൊലീസിനോട് പറഞ്ഞത്.

കര്‍ഷകനായ ഇ നന്ദകുമാര്‍ ആയിരുന്നു മൈഥിലിയുടെ ഭര്‍ത്താവ്. എട്ടുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്.അഞ്ചുമാസം മുന്‍പാണ് മൈഥിലി ഗര്‍ഭിണിയായത്. ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നന്ദകുമാര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ മൈഥിലി വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് നന്ദകുമാര്‍ ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെയാണ് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയത്.

ജനുവരി 28നാണ് സംഭവം നടക്കുന്നത്. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നന്ദകുമാറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജനുവരി 31ന് ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി 15നാണ് ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടന്നാണ് നന്ദകുമാറിന്‍റെ മരണം സംഭവിക്കുന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് മൈഥിലി ഉള്‍പ്പടെയുള്ളവരെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൈഥിലി പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തുകയും കീഴടങ്ങുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *