കണ്ണൂർ: ഇരിക്കൂർ ആയി പ്പുഴയിൽ ഗർത്തത്തിൽ വീണ് വീട്ടമ്മയെ അടുത്ത വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ.
ഭൂമിക്കടിയിലെ മണ്ണൊലിപ്പിലുണ്ടായ നീളത്തിലുള്ള കുഴിയാണ് ഇരിക്കൂർ ആയിപ്പുഴയിൽ മണ്ണുതാഴ്ന്ന് വീട്ടമ്മ പത്തുമീറ്റർ അകലെയുള്ള കിണറ്റിൽവീണ അപകടത്തിന് കാരണമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയർ ജിയോളജിസ്റ്റ് വി ദിവാകരൻ പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകി.
മഴ പെയ്യുമ്പോൾ മണ്ണിൽ ഊറിയിറങ്ങുന്ന ജലത്തിനൊപ്പം ഉറപ്പില്ലാത്ത മണ്ണും ഒഴുകി ചാലുകളായി രൂപപ്പെടുന്നതാണ് സോയിൽ പൈപ്പിങ്. ഇരിക്കൂറിൽ വീട്ടമ്മ വീണ കിണറിന്റെ അടിവശം പൊട്ടിപ്പൊളിഞ്ഞാണുള്ളത്.
ഈ ഭാഗം കല്ലുവച്ച് കെട്ടാത്തതിനാൽ മഴക്കാലത്ത് ഭൂമിക്കടിയിലൂടെ മണ്ണൊലിച്ചിറങ്ങുന്നു.
ഇങ്ങനെ രൂപപ്പെട്ട തുരങ്കം വഴിയാണ് അപകടമുണ്ടായത്. കിണറിന്റെ അടിവശം കെട്ടാനും തുരങ്കമുണ്ടായ ഭാഗത്ത് ആരും പോകാതിരിക്കാനും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭൗമോപരിതലത്തോട് ചേർന്നോ ഒട്ടേറെ മീറ്ററുകൾ താഴെവരെയോ കാണപ്പെടുന്ന സോയിൽ പൈപ്പിങ്വഴിയുള്ള ചാലുകൾ തിരിച്ചറിയാൻ പ്രയാസമാണ്. ഇതിനാൽ മണ്ണിടിച്ചിൽമുതൽ ഉരുൾപൊട്ടൽവരെയുണ്ടാകാം.
2016-ൽ ദേശീയ ഭൗമപഠനകേന്ദ്രം സമർപ്പിച്ച പഠന റിപ്പോർട്ട് പ്രകാരം കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മുപ്പതോളം സ്ഥലങ്ങളിൽ ഭൂമിയുടെ അർബുദം എന്നറിയപ്പെടുന്ന സോയിൽ പൈപ്പിങ് പ്രതിഭാസമുണ്ടെന്ന് കണ്ടെത്തി.
മഴയുടെ അളവ്, ഭൂഗർഭ ജലത്തിന്റെ ഒഴുക്ക്, കാർഷികരീതികൾ, മരംമുറിക്കൽ, ഖനനം തുടങ്ങിയവയെല്ലാം സോയിൽപൈപ്പിങ്ങിന് കാരണമാകാം. കിണറുകളിലെ വെള്ളം പെട്ടെന്ന് വറ്റിപ്പോകുന്നതും കിണർ ഇടിഞ്ഞുതാഴുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.