ഗാര്‍ഹികപീഡനങ്ങള്‍ തുടക്കത്തിലേ ചെറുക്കാന്‍ യുവതികള്‍ തയ്യാറാകുന്നു: ചിന്താ ജെറോം

Share

എറണാകുളം: ഗാര്‍ഹിക പീഡനങ്ങള്‍ തുടക്കത്തിലേ ചെറുക്കാനും നിയമപരമായ സഹായം തേടുന്നതിനും യുവതികള്‍ കൂടുതലായി മുന്നോട്ട് വരുന്നുണ്ടെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ  പിന്തുണയും ലഭ്യമാക്കുമെന്നും   സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം. സ്ത്രീധന ഗാര്‍ഹിക പീഡന പരാതികളില്‍ പരിഹാരം കണ്ടെത്തുന്നതിനായി യുവജന കമ്മീഷന്‍ സംഘടിപ്പിച്ച പ്രത്യേക അദാലത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. 

40 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ സ്ത്രീധന ഗാര്‍ഹികപീഡന പരാതികളില്‍ പരിഹാരം കണ്ടെത്തുന്നതിനായി ആരംഭിച്ച അദാലത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിലായി വരുംദിവസങ്ങളില്‍ ഇത്തരം അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും ചിന്താജെറോം പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 31 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 20 പരാതികളില്‍ പരിഹാരം കണ്ടെത്തി. ബാക്കി പരാതികള്‍ തുടര്‍ നടപടികള്‍ക്കായി കൈമാറി. മെഗാ അദാലത്തില്‍ യുവജന കമ്മീഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സി കുര്യാക്കോസ്, പി.എ സമദ്, സെക്രട്ടറി ക്ഷിതി വി. ദാസ് എന്നിവര്‍ പങ്കെടുത്തു. സ്ത്രീധന ഗാര്‍ഹികപീഡനങ്ങളുമായി ബന്ധപ്പെട്ട യുവതികളുടെ പരാതികള്‍ keralayout…@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *