കർഷക മാർച്ചിനെതിരെ പൊലിസ് അതിക്രമം: നേതാക്കൾ അറസ്റ്റിൽ

Share

ന്യൂഡൽഹി:കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ഡൽഹി മാര്‍ച്ചിന് നേരെ ഹരിയാനയില്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച് പൊലീസ്. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ അംബാലയ്ക്ക് സമീപത്തെ ശംഭു ബോര്‍ഡറിലാണ് പൊലീസ് കര്‍ഷകരെ തടയുന്നത്.

സമാധാനപരമായി മാര്‍ച്ച് ചെയ്ത് വന്ന കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. പിന്നാലെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്.

ഇതോടെ അതിർത്തിയിൽ കുത്തിയിരുന്ന്‌ പ്രതിഷേധിക്കുകയാണ്‌ കർഷകർ.
മോഡിസർക്കാരിന്റെ കോർപറേറ്റ്‌ പ്രീണന കാർഷികനയങ്ങൾക്കെതിരായ അതിശക്തമായ പ്രക്ഷോഭത്തിനാണ്‌  രാജ്യതലസ്ഥാനത്ത്‌ ഇന്ന്‌  തുടക്കമായത്‌. 

ഡൽഹിയിൽ റാലിക്ക്‌ പൊലീസ്‌ അനുമതി നിഷേധിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ കർഷകർ തലസ്‌ഥാനത്തേക്ക്‌ എത്തികൊണ്ടിരിക്കുകയാണ്‌. ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദി കർഷകപ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

കേന്ദ്രം പാസാക്കിയ മൂന്ന്‌ കാർഷികനിയമവും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌  പ്രക്ഷോഭം. കർഷകർ ഡൽഹിയിൽ എത്തുന്നത്‌ തടയാൻ ഹരിയാനയിൽ വ്യാപകമായി കർഷകനേതാക്കളെ അറസ്‌റ്റുചെയ്‌തു.പൊലീസ്‌ തടഞ്ഞാൽ അവിടെ കുത്തിയിരിക്കുമെന്ന്‌ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *