മംഗളൂര്:പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരായ ട്വീറ്റിന്റെ പേരില്‍ നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. കര്‍ണാടകയിലെ തുംകുര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ടു ചെയ്തു. അഭിഭാഷകനായ രമേഷ് നായിക്കിന്റെ ഹര്‍ജിയിലാണ് നടപടി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപമുണ്ടാക്കിയവര്‍ തന്നെയാണ് കാര്‍ഷിക ബില്ലുകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതെന്ന് അവര്‍ ട്വീറ്റ് ചെയ്തിരുന്നു. അവര്‍ ഭീകരവാദികള്‍ തന്നെയാണെന്നും കങ്കണ ആരോപിച്ചിരുന്നു. കാര്‍ഷിക ബില്ലുകളെ എതിര്‍ക്കുന്നവരെ മുറിവേല്‍പ്പിക്കണമെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ലക്ഷ്യവും ഇത്തരം ട്വീറ്റുകള്‍ക്ക് പിന്നിലുണ്ട്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കി. എന്നാല്‍ പൊലീസോ അധികാരികളോ അവ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. സ്വമേധയാ കേസെടുക്കാനുള്ള നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.