കോടിയേരി അവധി പോയതിൻ്റെ കാരണം വിവാദങ്ങളോ?

Share

കൊച്ചി:ചികിത്സാർത്ഥമാണ് കോടിയേരി അവധിയിൽ പോയതെന്ന് പാർട്ടി വിശദീകരിക്കുമ്പോഴും യഥാർത്ഥ കാരണം അതല്ലെന്ന് വ്യക്തം. ബിനീഷുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങൾ അക്ഷരാർത്ഥത്തിൽ കോടിയേരിയെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കോടിയേരിയുടെ നിലപാട് പാർട്ടിയും അംഗീകരിച്ച് നൽകി.

മാസങ്ങൾക്ക് മുൻപ് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോൾ തന്നെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി സന്നദ്ധത അറിയിച്ചതാണ്. എന്നാൽ ഇപ്പോൾ മാറ്റം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തുടർന്നാണ് അന്ന് ആ തീരുമാനം വേണ്ടെന്ന് വച്ചത് . എന്നാൽ അന്നത്തേക്കാൾ കടുത്ത പ്രതിസന്ധിയാണ് കോടിയേരി ഇപ്പോൾ നേരിട്ടത്. സാമ്പത്തിക കുറ്റകൃത്യത്തിന് ബിനീഷിനെ അറസ്റ്റ് ചെയ്ത ഘട്ടം മുതൽ കോടിയേരിയെ ലക്ഷ്യം വച്ച് പ്രതിപക്ഷവും നീക്കങ്ങൾ ആരംഭിച്ചിരുന്നു. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുള്ള തീരുമാനം കോടിയേരി അന്നേ എടുത്തതാണെന്നാണ് സൂചന.

ചികിത്സയാണ് കാരണമായി പറയുന്നതെങ്കിലും അതല്ലെന്ന് വ്യക്തം. ബിനീഷിൻ്റെ കേസ് ഏത് നിലയിൽ മുന്നോട്ട് പോകുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ബിനീഷുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തിപരമാണെന്ന് പറയുമ്പോഴും ഉത്തരവാദിത്വത്തിൽ നിന്ന് കോടിയേരിക്ക് പൂർണ്ണമായും ഒഴിഞ്ഞ് മാറാനും കഴിയില്ല. തദ്ദേശ തെരഞ്ഞടുപ്പ് സമയത്തുണ്ടാകുന്ന വിവാദങ്ങൾ പാർട്ടിയെ കൂടി ബാധിക്കുമെന്ന് മനസിലാക്കിയാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയാൻ തീരുമാനിച്ചതും. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ നല്ല പിന്തുണ നൽകിയെങ്കിലും മാറി നിൽക്കാമെന്ന കോടിയേരിയുടെ ഉറച്ച നിലപാട് അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *