കൊവിഡ് കഴിഞ്ഞാലും രോഗബാധിതരെ തേടിയെത്തുന്നത് ഗുരുതര രോഗങ്ങൾ

Share

കൊച്ചി : കോവിഡ് രോഗികളില്‍ രോഗം മാറിയതിന് പിന്നാലെ ശ്വസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണമാകുന്ന ശ്വാസകോശത്തിലെ പള്‍മണറി ഫൈബ്രോസിസിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കോവിഡ് നെഗറ്റീവായ കേരളത്തിലെ രോഗികളില്‍ കണ്ടെത്തിയതായി ‘ദി ഹിന്ദു’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ പോസ്റ്റ്-കോവിഡ് കെയര്‍ ക്ലിനിക്കില്‍ പരിശോധനക്കെത്തിയ അടുത്തിടെ കോവിഡ് 19 നെഗറ്റീവായ ദമ്പതികളില്‍ ഇത്തരത്തില്‍ രോഗ്യ സാധ്യത ശ്രദ്ധയില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പോസ്റ്റ്-കോവിഡ് പരിശോധനയ്ക്കായെത്തിയ 40നും 50നും ഇടയില്‍ പ്രായമുള്ള രണ്ട് വ്യക്തികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോക്ടര്‍ എം ശംസുദ്ദീന്‍ പറഞ്ഞു. നേരത്തെ തന്നെ രോഗം കണ്ടെത്താനായതിനാല്‍ സമയം നഷ്ടപ്പെടാതെ അവര്‍ക്ക് ചികിത്സ നല്‍കാമായെന്നും, ഡോ. ഷംസുദീന്‍ പറഞ്ഞു.

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് ക്ലിനിക്കിനെ സമീപിച്ചവരില്‍ ക്ഷീണം, തലവേദന, ശരീരവേദന, ശ്വാസതടസ്സം, ചുമ എന്നിവ സാധാരണ കണ്ടുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ആരോഗ്യ മിഷനും കോഴിക്കോട് മെഡിക്കല്‍ കോളേജും സംസ്ഥാന സര്‍ക്കാറും സംയുക്തമായാണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചത്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതല്‍ 4 മണിവരെയാണ് പരിശോധന. കോവിഡിന് ശേഷമുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് ഡോ. ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. ചുമയോ ശ്വസന പ്രശ്‌നമോ ഉള്ളവര്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതുണ്ട്. ചികിത്സ വൈകുന്നതും അശ്രദ്ധയും മാരകമായി ബാധിക്കാമെന്നു ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, കോവിഡ് ഭേദമായ 20 ശതമാനം ആളുകളില്‍ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ച രോഗലക്ഷണങ്ങളില്ലാത്ത ആളുകളും ഇതില്‍ ഉള്‍പ്പെടുന്നണ്ട്. ‘പോസ്റ്റ്-കോവിഡ് സിന്‍ഡ്രോം’ അല്ലെങ്കില്‍ ‘ലോംഗ് കോവിഡ്’ എന്നാണ് ഇതറിയപ്പെടുന്നത്. പക്ഷാഘാതം, ഹൃദയസ്തംഭനം, അപസ്മാരം എന്നീ ഗുരുതര പരിണതഫലങ്ങളിലേക്കും ഇവ നയിക്കുന്നുണ്ട്. വികസിത രാജ്യങ്ങളായ ബ്രിട്ടന്‍ അടക്കം വിവിധ രാജ്യങ്ങള്‍ ഇതിനകം കോവിഡിന് പിന്നാലെയുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ പഠനം ആരംഭിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ കോവിഡ് ഭേദമായ 90 ശതമാനം ആളുകളില്‍ ശ്വാസകോശ തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

വുഹാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ‘സോംഗ്‌നാന്‍’ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഘട്ടത്തില്‍ രോഗമുക്തി നേടിയവരുടെ ശ്വാസകോശം എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേരിലും രോഗത്തിനെതിരെ ശരീരം ഉത്പാദിച്ചെടുത്ത ‘ആന്റിബോഡി’ അപ്രത്യക്ഷമായെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ ഇന്ത്യയിലടക്കം കോവിഡ് ഭേദമായ ആള്‍ക്ക് വീണ്ടും പോസിറ്റീവായതായും റിപ്പോര്‍ട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *