കൊവിഡ് വാക്‌സിൻ നിർമ്മിക്കാനൊരുങ്ങി കേരളം; ഉത്‌പാദനം തോന്നയ്‌ക്കൽ ലൈഫ് സയന്‍സ് പാര്‍ക്കിൽ

Share

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ തുടര്‍നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. വാക്‌സിൻ കമ്പനികളുമായി ചര്‍ച്ചകള്‍ക്ക് നിയോഗിച്ച സംഘം ഇന്ന് സർക്കാരിന് കരട് റിപ്പോർട്ട് നൽകും. പ്രൊജക്‌ട് ഡയറക്‌ടര്‍ എസ് ചിത്രയാണ് റിപ്പോർട്ട് നൽകുക
പത്ത് വാക്‌സിൻ കമ്പനികളാണ് സർക്കാരുമായി ചർച്ച നടത്തിയത്. 20 കമ്പനികളാണ് രാജ്യത്ത് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. വാക്‌സിൻ ഉത്‌പാദനത്തിൽ നിന്ന് വലിയ ലാഭം കിട്ടില്ല. അതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. തിരുവനന്തപുരം തോന്നയ്‌ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണം ആരംഭിക്കുകയെന്നും വിവരമുണ്ട്.

കമ്പനികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് താത്പര്യ പത്രം സമര്‍പ്പിക്കുന്നത്. താത്പര്യ പത്രത്തിന് പിന്നാലെ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സൂചനയുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ സുധീര്‍, കൊവിഡ് വിദഗ്‌ദ്ധ സമിതി ചെയര്‍മാന്‍ ബി ഇക്ബാല്‍, ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ വിജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.