ന്യൂഡൽഹി: കോവിഡിന്റെ മൂന്നാം വ്യാപന തരംഗത്തിൽ ഞെട്ടി വിറച്ച് ഡൽഹി. ഒരു മാസത്തിനിടെ മാത്രം ഡൽഹിയിൽ 23,00 കോവിഡ് മരണങ്ങളുണ്ടായി.
മരണ സംഖ്യ പരിശോധിക്കുന്പോൾ കോവിഡിന്റെ പുതിയ തരംഗം കൂടുതൽ രൂക്ഷമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ബുധനാഴ്ച 99 പേർ കൂടി മരിച്ചതോടെ ഡൽഹിയിലെ കോവിഡ് മരണ സംഖ്യ 8700 ആയി. നവംബർ 19ന് 98 പേരും 20ന് 118 പേരും 21ന് 111 പേരുമാണ് ഡൽഹിയിൽ കോവിഡ് പിടിപെട്ടു മരിച്ചത്. 22നും 12നും 121 പേർ വീതം വൈറസ് ബാധ മൂലം മരണത്തിനു കീഴടങ്ങി. 24ന് 109 പേരാണ് മഹാമാരി മൂലം മരിച്ചത്. നവംബർ 18നാണ് ഏറ്റവും കൂടുതൽ പേർ ഒരു ദിവസം കോവിഡ് ബാധിച്ചു മരിച്ചത്. അന്ന് 131 പേരാണ് വൈറസിനു കീഴടങ്ങിയത്.
ബുധനാഴ്ച വരെ 5,45,787 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4,98,780 പേർ രോഗമുക്തി നേടി. കോവിഡിന്റെ മൂന്നാം തരംഗമാണ് ഡൽഹിയിൽ ഇപ്പോഴുള്ളത് എന്നാണ് കണക്കാക്കുന്നത്. മുൻ തരംഗങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ രൂക്ഷമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. മലിനീകരണം, കാലാവസ്ഥ എന്നിവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു.