കൊച്ചി:മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ഉണ്ടക്ക് ശേഷം സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ് തിയേറ്ററുകളിലെത്തുന്നു. ഒക്ടോബര്‍ 15ന് ഗള്‍ഫ് നാടുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കോവിഡ് സാഹചര്യത്തില്‍ തിയേറ്ററില്‍ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകും ഇതോടെ ലവ്. എല്ലാവിധ കോവിഡ് സുരക്ഷാ മുന്കരുതലുകളോടെയുമാകും ചിത്രത്തിന്റെ പ്രദര്‍ശനമെന്ന് സംവിധായകന് ഖാലിദ് റഹ്മാനും നിര്‍മാതാവ് ആഷിഖ് ഉസ്മാനും പറഞ്ഞു. ഹോം സ്ക്രീന്‍ എന്റര്ടെയിന്മെന്റും ഗോള്‍ഡന്‍ സിനിമ ജി.സി.സിയും സംയുക്തമായാണ് ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്യുന്നത്.
സെന്‍സര്‍ ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റ് നല്കിയ സിനിമയില്‍ രജീഷ വിജയനും ഷൈൻ ടോം ചാക്കോയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ലോക്ഡൗണ്‍ പ്രതിസന്ധിയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ലവ്.
ജൂൺ 22ന് ആരംഭിച്ച ചിത്രീകരണം ജൂലായ് 15ന് പൂർത്തിയാവുകയായിരുന്നു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സിനിമകൾ ഷൂട്ട് ചെയ്യരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർദേശം വെച്ചിരുന്നു. എന്നാൽ, അതെല്ലാം തള്ളിയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.