കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Share

വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്‌സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഇതോടെ ഇനി മുതൽ കൂടുതൽ ഡിജിറ്റൽ ക്ലാസുകളും വിദ്യാഭ്യാസ പരിപാടികളും കുട്ടികൾക്ക് ലഭ്യമായിത്തുടങ്ങും. കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ പുനഃസംപ്രേഷണം ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലൂടെ ആരംഭിച്ചു. എ.സി.വി 410-ാം നമ്പറിലും കേരളാ വിഷൻ 34-ാം നമ്പറിലും കൈറ്റ് വിക്ടേഴ്‌സ് പ്ലസ് നൽകിത്തുടങ്ങി. മുഴുവൻ കേബിൾ സേവന ദാതാക്കളോടും ചാനൽ ലഭ്യമാക്കാൻ കൈറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, എസ്.സി.ഇ കെ. മനോജ് കുമാർ എന്നിവരും സംബന്ധിച്ചു.  2006 ആഗസ്റ്റിൽ വിക്ടേഴ്‌സ് ചാനൽ നിലവിൽ വന്ന് പതിനഞ്ചു വർഷം പൂർത്തിയാകുമ്പോഴാണ് രണ്ടാമത് ചാനലും സംപ്രേഷണമാരംഭിക്കുന്നത്.