കേരളത്തിൽ അവയവദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച്

Share

തിരുവനന്തപുരം: കേരളത്തിലെ ചില സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവദാന മാഫിയ പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകള്‍ നടന്നുവെന്ന ഐ.ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് പരിഗണിച്ച് അന്വേഷണത്തിന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ ഉത്തരവിടുകയായിരുന്നു. സംസ്ഥാനത്ത് അവയവദാനത്തിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം നടത്തുന്നത്. സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയില്‍ വരും. സംസ്ഥാനത്ത് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗത്താണ് ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരം നടപടികള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പങ്കുണ്ടെന്നും കിഡ്‌നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വില്‍ക്കുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ ആരെയും പ്രതിയാക്കാതെയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. എസ്.പി  സുദര്‍ശന്‍ കേസന്വേഷിക്കും. കൊടുങ്ങല്ലുര്‍ കേന്ദ്രീകരിച്ച് നിരവധിപേര്‍ക്ക് അവയവം നഷ്ടമായതായി ക്രൈംബ്രാഞ്ച് പറയുന്നു.  .

Leave a Reply

Your email address will not be published. Required fields are marked *