കേരളത്തിലെ കൊ വിഡ് നിരക്കുകളിൽ തെറ്റെന്ന് ബി.ബി.സി

Share

കൊച്ചി:കേരളത്തിലെ കോവിഡ് മരണക്കണക്കുകളിലെ തെറ്റ് ചൂണ്ടിക്കാട്ടി ബി.ബി.സി ലേഖനം. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ വരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കോവിഡ് മരണങ്ങള്‍ 1997 ആണ്.

എന്നാല്‍ ഈ കണക്കുകളില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ബി.സി ഇപ്പോള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ കോവിഡ് മരണങ്ങളെക്കുറിച്ച് പഠനം നടത്തിയ സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ബി.ബി.സിയുടെ പരാമര്‍ശം.ജനറൽ മെഡിസിൻ ഫിസിഷ്യനായ ഡോ. അരുൺ എൻ മാധവന്‍റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് കോവിഡ് മരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തമ്മിലുള്ള വൈരുദ്ധ്യം പ്രകടമാകുന്നത്.

കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് 2020 ജനുവരി അവസാന വാരമാണ്. ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ചിലും. അന്നു മുതല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളുടെ കണക്ക് പത്രങ്ങളുടെയും വാര്‍ത്താ ചാനലുകളുടെയും അടിസ്ഥാനത്തില്‍ ഡോ. അരുൺ മാധവന്‍റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിനായി ഏഴു വാര്‍ത്താ ചാനലുകളുടേയും ദിനപത്രങ്ങളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകളും ദിവസവും പരിശോധിച്ച് രേഖപ്പെടുത്തി വന്നിരുന്നു.

റിപ്പോർട്ടുചെയ്‌ത ഓരോ മരണത്തെയും കുറിച്ചുള്ള കുറിപ്പുകൾ അവർ ശേഖരിക്കുകയും ഒരു സ്‌പ്രെഡ്‌ഷീറ്റിൽ വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥ കണക്കുകള്‍ രേഖപ്പെടുത്താനുള്ള ഫലപ്രദമായ രീതിയാണ് ഇതെന്ന് ടൊറന്‍റോ സർവകലാശാല അഭിപ്രായപ്പെടുന്നുമുണ്ട്. ഇങ്ങനെ രേഖപ്പെടുത്തിയ കണക്കുകളനുസരിച്ച് കേരളത്തിലെ ഇന്നലെ വരെയുള്ള കോവിഡ് മരണങ്ങള്‍ 3356 ആണ്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ 1997ഉം..!ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ കോവിഡ് മരണ കണക്കില്‍ വൈരുദ്ധ്യമുണ്ടെന്ന് കാണിച്ച് ബി.ബി.സി ലേഖനം പുറത്തുവിട്ടിരിക്കുന്നത്.

മരണത്തിന് തൊട്ടുമുമ്പുള്ള പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയി കാണപ്പെട്ടവരെ കോവിഡ് ബാധിച്ച് മരിച്ചതായി കണക്കാക്കാത്തതായിരിക്കാം ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്ന കോവിഡ് മരണ കണക്കുകള്‍ പൂര്‍ണമല്ലെന്ന വാദമാണ് ഇതിലൂടെ ഡോ. അരുൺ മാധവ് വ്യക്തമാക്കുന്നത്.

അദ്ദഹത്തിന്‍റെ ക്ലിനിക്കില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ 65 നും 78 നും ഇടയിൽ പ്രായമുള്ള മൂന്ന് പേര്‍ ഒക്ടോബറിൽ ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. അവരുടെ മരണ വിവരങ്ങൾ മാധ്യമങ്ങളിലോ ഔദ്യോഗിക കണക്കുകളിലോ പോലും വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ കോവിഡ് മരണനിരക്കിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ത്യയുടേത് താരതമ്യേന കുറഞ്ഞ നിരക്കാണ്. മുഴുവൻ കണക്കുകളും കൃത്യമായി പുറത്തുവിടാത്തതാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *