കേരളം ത്രികോണ മത്സരത്തിലേയ്ക്ക്

Share

തുളസിത്തറ

തിരുവനന്തപുരം: അര നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം രാഷ്ട്രീയകേരളം വീണ്ടും ത്രികോണ മത്സരത്തിലേയ്ക്ക്. എല്‍.ഡി.എഫിനും യു.ഡി.എഫിനും പുറമേ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. മുന്നണി മൂന്നാം മുന്നണിയായി മത്സരരംഗത്തുണ്ടാവും. പ്രധാന മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലായിരിക്കും.

ഇതില്‍ ഏതു മുന്നണി അധികാരത്തില്‍ വരണമെന്ന കാര്യത്തില്‍ എന്‍.ഡി.എ.യുടെ നിലപാട് നിര്‍ണ്ണായകമായിരിക്കും.
1957-ല്‍ നടന്ന ഒന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 സ്വതന്ത്രന്മാരുടെ പിന്തുണയോടെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 65 സീറ്റുകളോടെ അധികാരത്തിലേറി. 60-ല്‍ നടന്ന രണ്ടാം കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 126 അംഗ സഭയില്‍ കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് 63 സീറ്റു ലഭിച്ചെങ്കിലും 20 സീറ്റ് നേടിയ പി.എസ്.പി.യുടെ നേതാവ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കി. 11 സീറ്റു കിട്ടിയ മുസ്ലിം ലീഗിന് സ്പീക്കര്‍ സ്ഥാനം കൊടുത്തു.

1962-ല്‍ പട്ടം പഞ്ചാബ് ഗവര്‍ണ്ണറായി പോയപ്പോള്‍ കോണ്‍ഗ്രസ്സ് നേതാവ് ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായി. 64-ല്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിളര്‍ന്നു. 65-ലെ തിരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റുകളുടെ എണ്ണം 133 ആയി. എല്ലാ പാര്‍ട്ടികളും ഒറ്റയ്‌ക്കൊറ്റയ്ക്കു മത്സരിച്ചപ്പോള്‍ സി.പി.എം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 44 സീറ്റ്. കോണ്‍ഗ്രസ്സിന് 36 സീറ്റും കേരള കോണ്‍ഗ്രസ്സിന് 24 സീറ്റും എസ്.എസ്.പി.ക്ക് 13 സീറ്റും മുസ്ലിം ലീഗിന് 6 സീറ്റും സി.പി.ഐ.ക്ക് 3 സീറ്റും ലഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ നിയമസഭ കൂടാതെ പിരിച്ചുവിട്ടു.

1967-ല്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സപ്തകക്ഷി മുന്നണിക്ക് 119 സീറ്റു ലഭിച്ചു. ഒറ്റയ്ക്കു മത്സരിച്ച കോണ്‍ഗ്രസ്സിനും കേരള കോണ്‍ഗ്രസ്സിനും യഥാക്രമം 9 സീറ്റും 5 സീറ്റും കിട്ടി. ആരോഗ്യമന്ത്രി ബി.വെല്ലിംഗ്ടണെതിരേ ഉയര്‍ന്ന അഴിമതി ആരോപണം അന്വേഷിക്കണമെന്ന പ്രമേയം പാസ്സായതോടെ സി.പി.ഐ.യും ആര്‍.എസ്.പി.യും മുസ്ലിം ലീഗും മുന്നണി വിട്ട് കോണ്‍ഗ്രസ്സ്, കേരള കോണ്‍ഗ്രസ്സ് പിന്തുണയോടെ അച്യുതമേനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കി.

70-ലെ തിരഞ്ഞെടുപ്പില്‍ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറി. അടിയന്തിരാവസ്ഥയ്ക്കു ശേഷം 77-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിയമസഭാ സീറ്റുകളുടെ എണ്ണം 140 ആയി. അച്യുതമേനോന്‍ മാറി കരുണാകരന്‍ മുഖ്യമന്ത്രിയായി. ഭരണമുന്നണിക്ക് 111 സീറ്റു കിട്ടിയപ്പോള്‍ സി.പി.എമ്മിന് 17 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

1980 മുതലാണ് എല്‍.ഡി.എഫും യു.ഡി.എഫും ഉണ്ടായത്. മുന്നണിയിലെ കക്ഷികള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ടെങ്കിലും അന്നുമുതല്‍ ഇന്നുവരെ മുന്നണികള്‍ മാറിമാറിയാണ് കേരളം ഭരിക്കുന്നത്. ഒരു മുന്നണിക്കും തുടര്‍ഭരണം ഉണ്ടായിട്ടില്ല.

ചുരുക്കത്തില്‍ 70-ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് മൂന്നാം മുന്നണിയായി മത്സരിച്ച ശേഷം ഫലപ്രദമായ ഒരു മൂന്നാം മുന്നണി ഉണ്ടാകുന്നത് ഇപ്പോഴാണ്. അന്ന് ഇരുമുന്നണികളിലും പെടാത്ത കേരള കോണ്‍ഗ്രസ്സ്, സംഘടനാ കോണ്‍ഗ്രസ്സ്, സി.രാജഗോപാലാചാരിയുടെ സ്വതന്ത്രാ പാര്‍ട്ടി എന്നീ കക്ഷികള്‍ ചേര്‍ന്നു രൂപീകരിച്ച മൂന്നാം മുന്നണിക്ക് 13 സീറ്റു കിട്ടി. ആ 13 സീറ്റും കേരള കോണ്‍ഗ്രസ്സിനായിരുന്നു.

ഇക്കുറി ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. മുന്നണി കുറഞ്ഞത് അര ഡസന്‍ സീറ്റിലെങ്കിലും ജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അത്രയും സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് എത്താനും സാദ്ധ്യതയുണ്ട്. 25 മണ്ഡലങ്ങളില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 30,000 വോട്ടില്‍ കൂടുതല്‍ നേടി. 2016-ലെ തിരഞ്ഞെടുപ്പില്‍ നേമത്തു താമര വിരിയിക്കുകയും 7 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തു വരികയും ചെയ്തു.

നേമത്ത് ഇക്കുറി കുമ്മനം രാജശേഖരനും പാലക്കാട് മെട്രോമാന്‍ ഇ.ശ്രീധരനും ആയിരിക്കും ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍. മഞ്ചേശ്വരം, കാസര്‍കോട്, കഴക്കൂട്ടം, കാട്ടാക്കട എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പി. ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *