കേരളം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃക: നീതി ആ യോഗ്

Share

കൊച്ചി :കേരളത്തിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച്‌ നിതി ആയോഗ്‌‌. സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ബോധവൽക്കരണം, വിഭവശേഷി വർധിപ്പിക്കൽ, ഭരണസംവിധാനങ്ങളുടെ ഉപയോഗം, ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം തുടങ്ങിയവയില്‍ കേരളം നടപ്പാക്കിയ കാര്യങ്ങൾ‌ റിപ്പോർട്ടിൽ‌ പ്രത്യേകം പരാമർശിച്ചു‌.

സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന്‌ ആശാ പ്രവർത്തകർ, ജൂനിയർ നേഴ്‌സുമാർ, മെഡിക്കൽ ഓഫീസർമാർ, ബ്ലോക്ക്‌തല ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട  ടീമുകൾ പ്രവർത്തിച്ചു. സിസിടിവിയുടെ അടക്കം സഹായത്തോടെ രോഗികളുടെ സഞ്ചാരപഥം കണ്ടെത്തി റൂട്ടുമാപ്പുകൾ തയ്യാറാക്കി.കോവിഡ്‌ ബോധവൽക്കരണവും പ്രചാരണവും ഹിന്ദി, ബംഗാളി ഭാഷകളിലടക്കം നടത്തി.

പൊലീസുകാർ പാട്ടിനൊപ്പം ചുവടുവച്ച്‌ കൈകഴുകൽ രീതി വിശദമാക്കിയ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ബ്രേക്ക്‌ ദ ചെയിൻ’ പ്രചാരണം ഫലപ്രദമായി.

മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും എത്തിയവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിലടക്കം ജില്ലാ തലത്തിൽ എൻഎസ്‌എസ്‌ വളന്റിയർമാരുടെ സേവനം  ഉപയോഗിച്ചു. 

കോവിഡ്‌ സംശയങ്ങൾക്ക്‌ മറുപടി നൽകുന്നതിനുള്ള ഹെൽപ്പ്‌ലൈൻ സ്‌റ്റാഫുകളെന്ന നിലയിലും ഇവർ പ്രവർത്തിച്ചു.ക്വാറന്റൈനിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും മറ്റും പ്രത്യേക കോൾ സെന്റർ പ്രവർത്തിച്ചു. ക്വാറന്റൈനിൽ കഴിയുന്നവർക്കായി ജില്ലാതല കൺട്രോൾ റൂമുകൾ ഒരുക്കി. 

രോഗികളെ പരിചരിക്കുന്നതിന്‌ റോബോട്ടുകളുടെ സേവനം ലഭ്യമാക്കി.  കോവിഡ്‌ വിവരങ്ങൾ കൈമാറാൻ ‘ജിഒകെ ഡയറക്ട’ എന്ന ആപ്പിന്‌  രൂപംനൽകി. –- റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *