കേന്ദ്ര ഏജൻസികളെ കേരളത്തിൽ മേയാൻ വിടില്ലെന്ന് മുഖ്യമന്ത്രി

Share

കണ്ണൂർ: കേന്ദ്ര ഏജൻസികൾക്കെതിരെ അതിരൂക്ഷ വിമർശനമഴിച്ചുവിട്ട് മുഖ്യമന്ത്രി രംഗത്ത്. സ്വർണക്കടത്ത്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടാലും വേണ്ടില്ല സര്‍ക്കാര്‍ പദ്ധതികള്‍ തകര്‍ക്കലായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുന്നു.

ഇക്കാര്യങ്ങള്‍ വിശദമാക്കി പ്രധാനമന്ത്രിക്ക് കത്ത് നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ മേയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയില്ല. അത് സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികളെ കൊണ്ട് ഭരണം അട്ടിമറിച്ചതിന് നിരവധി തെളിവുകളുണ്ട്. അഹമ്മദ് പട്ടേല്‍ മുതല്‍ ചിദംബരം വരെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ഡി വേട്ടയാടിയവരുടെ പട്ടികയിലുണ്ട്.

രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ ഭാഗമായി പീഡിപ്പിക്കുന്ന നിലപാടാണ് ഏജന്‍സികള്‍ സ്വീകരിച്ചിരിക്കുന്നത്. കോടികള്‍ നല്‍കി ഭരണം അട്ടിമറിക്കുമ്പോള്‍ അന്വേഷണമില്ല. അഴിമതിക്കാര്‍ക്കെതിരെ കേസെടുക്കുമെന്നത് കാപട്യമാണെന്നും അഴിമതിക്കാര്‍ ബിജെപിയില്‍ എത്തിയാല്‍ കേസില്ലാതായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായി തന്നെയായിരിക്കും കോവിഡ് വാക്‌സിന്‍ നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വാക്‌സിന്‍ എത്രത്തോളം ലഭ്യമാകും എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്. പക്ഷേ, ഇവിടെ നല്‍കുന്ന വാക്‌സിനെല്ലാം സൗജന്യമായി തന്നെയായിരിക്കും. വാക്‌സിനായി ആരില്‍ നിന്നും സര്‍ക്കാര്‍ പണം ഈടാക്കില്ല. അതില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *