കെ എം ഷാജിക്കെതിരെ കണ്ണുരിൽ എൽ.ഡി.എഫ്
ജനകീയ കൂട്ടായ്മ നടത്തും

Share

കണ്ണൂർ:കെ എം ഷാജി എംഎൽഎ അഴിമതിയും അവിഹിത സ്വത്ത് സമ്പാദനവും നടത്തിയെന്നാരോപിച്ച് ഒക്ടോബർ  30ന് വൈകിട്ട്‌ നാലിന്‌  എൽഡിഎഫ്‌ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി യോഗമാണ്‌  തീരുമാനിച്ചത്‌.

അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു അനുവദിക്കാൻ യുഡിഎഫ് സർക്കാർ  കാലത്ത് കൈക്കൂലി വാങ്ങിയതിനാൽ വിജിലൻസ് ചാർജ്‌ ചെയ്ത കേസിലെ പ്രതിയാണ്  എംഎൽഎ.  ലീഗിന്റെ  പ്രാദേശിക നേതാവ് നൽകിയ പരാതിയെതുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അഴിമതിക്കേസിൽ പ്രതിയായിട്ടും ലീഗ് നേതൃത്വം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, അഴിമതിയും വെട്ടിപ്പും ആലങ്കാരമാക്കിനടക്കുകയാണ്.

വർഗീയ പ്രചാരണം നടത്തിയാണ്‌  2016 ലെ തെരഞ്ഞെടുപ്പിൽ  കെ എം ഷാജി   ജയിച്ചതെന്ന് ഹൈക്കോടതി  കണ്ടെത്തി  തെരഞ്ഞെടുപ്പ് അസാധുവാക്കിയിരുന്നു. കോഴിക്കോടും കണ്ണൂരിലും വയനാട്ടിലും എംഎൽഎയുടെയും ഭാര്യയുടെയും പേരിൽ ഭൂമിയും ആഡംബര വീടുകളുമുണ്ട്.

രേഖകളിൽ സ്വത്തിന്റെ  മൂല്യം കുറച്ചുകാണിക്കുകയും വരുമാനത്തേക്കാൾ സ്വത്ത് കൈവശം വയ്‌ക്കുകയും ചെയ്യുന്നുവെന്നാണ് സാമ്പത്തിക  കുറ്റാന്വേഷണ സംഘം കണ്ടെത്തിയത്. അവിഹിത സ്വത്ത് സമ്പാദന തെളിവുകളും ലഭിച്ചു. 

നികുതിവെട്ടിപ്പും ചട്ടലംഘനവും  ജനപ്രതിനിധിക്ക് യോജിച്ചതല്ലെന്നും യോഗം വിലയിരുത്തി.

പി സന്തോഷ് കുമാർ അധ്യക്ഷനായി. എം വി ജയരാജൻ, സി രവീന്ദ്രൻ, പി പി ദിവാകരൻ, വി കെ ഗിരിജൻ, കെ കെ ജയപ്രകാശ്, കെ കെ രാജൻ, ഇ പി ആർ വേശാല, മഹമ്മൂദ് പറക്കാട്ട്, സി വത്സൻ, എം പ്രഭാകരൻ, സിറാജ് തയ്യിൽ, താജുദ്ദീൻ മട്ടന്നൂർ, രവീന്ദ്രൻ കുന്നോത്ത്, കെ മനോജ്, യു ബാബു ഗോപിനാഥ് എന്നിവർ  സംസാരിച്ചു. കൺവീനർ കെ പി സഹദേവൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *