കൊച്ചി:സ്ഥാനാർത്ഥി കുപ്പായം സ്വയം തുന്നിയ റിട്ട. ഹൈക്കോടതി ജഡ്ജ് കെമാൽ പാഷയുടെ പൂതി നടക്കാൻ ഇടയില്ല.അദ്ദേഹം നോക്കി വെള്ളമിറക്കുന്ന കളമശ്ശേരി സീറ്റിൽ വി കെ ഇബ്രാഹിം കുഞ്ഞിൻറെ മകൻ വി ഇ അബ്ദുൾ ഗഫൂർ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ആയേക്കും.പാലാരിവട്ടം പാലം അഴിമതിക്കേസ് പ്രതിയും കാൻസർ ബാധിതനുമായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഈ ആഗ്രഹം ലീഗ് നേതൃത്വത്തോട് പറഞ്ഞതായി അറിയുന്നു.അഴിമതി വഴി പത്തു കോടി പാർട്ടി പത്രത്തിന് നൽകിയ അദ്ദേഹത്തിൻറെ ആഗ്രഹം തള്ളാൻ ഇടയില്ല.
ഹൈക്കോടതി അഭിഭാഷകനാണ്,ഗഫൂർ.ഇബ്രാഹിം കുഞ്ഞിനെതിരായ കേസിൽ ഗഫൂറിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു;ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് കേസിൽ വാദിയായ ഗിരീഷ് ബാബു പരാതിപ്പെട്ടിരുന്നു.
സ്വന്തം മോഹം കാലേ കൂട്ടി കെമാൽ പാഷ പ്രകടിപ്പിച്ചത് രാഷ്ട്രീയ പക്വത ഇല്ലായ്മ ആണെന്ന് വിവരമുള്ളവർ നിരീക്ഷിച്ചിരുന്നു.തൃക്കാക്കരയിൽ യു ഡി എഫിന് പി ടി തോമസ് ഉണ്ട്.ബെന്നി ബെഹനാനെ മാറ്റി കൊണ്ട് വന്നതാണ്.അതിനാൽ,അവിടെ മോഹം നടപ്പില്ല.ഇബ്രാഹിം കുഞ്ഞ് സ്ഥാനാർത്ഥി ആവില്ലെന്ന് ഉറപ്പായതിനാൽ,അവിടെ നോട്ടമിട്ട് ചുമ്മാ തൃക്കാക്കരയുടെ പേര് പറയുകയായിരുന്നു പാഷ.എറണാകുളത്തും യു ഡി എഫിന് വേറെ സ്ഥാനാർത്ഥിയുണ്ട്.കെ വി തോമസാകട്ടെ ,സ്ഥാനാർത്ഥിത്വം കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടാൻ നിൽക്കുകയുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജ് കെമാല്‍ പാഷ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.ഇടതുപക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
“യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയോ സ്വതന്ത്രനായോ മത്സരിക്കും.തൃക്കാക്കരയിലോ കളമശ്ശേരിയിലോ മത്സരിക്കാനാണ് താത്പര്യം. ബിജെപിയോടും അവരുടെ ഭരണരീതിയോടും താത്പര്യമില്ല. എംഎല്‍എ ആയാള്‍ ശമ്പളം വാങ്ങില്ല”.- കെമാല്‍ പാഷ പറഞ്ഞിരുന്നു.തനിക്ക് പുനലൂർ യു ഡി എഫ് വാഗ്ദാനം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഈയിടെ വൈറ്റില മേല്‍പ്പാലം വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നു കൊടുത്ത സംഭവത്തില്‍ സര്‍ക്കാറിനെതിരെ കെമാല്‍ പാഷ രംഗത്തു വന്നിരുന്നു. വീട്ടിലെ തേങ്ങാ വെട്ടി പണിതതല്ല പാലം എന്നോര്‍ക്കണമെന്നും പാലമുദ്ഘാടനം തെരഞ്ഞെടുപ്പില്‍ വില പേശലിനായി വച്ചതാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പാഷയുടെ ശരിയായ ആഗ്രഹം യു ഡി എഫ് അധികാരത്തിൽ വന്നാൽ ഏതെങ്കിലും പദവിയാണെന്ന് നിരീക്ഷകർ കരുതുന്നു.ലീഗുമായി അടുത്ത് നിൽക്കുന്നയാളാണ് പാഷ.