കൂടുതൽ ഒളിമ്പിക്സ് മെഡൽ ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരുമുണ്ടാകും: മുഖ്യമന്ത്രി

Share

കൂടുതൽ ഒളിമ്പിക്സ് മെഡലുകൾ കേരളത്തിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരും മുൻനിരയിൽനിന്നുകൊണ്ട് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2019 ലെ  ജി.വി. രാജ പുരസ്‌ക്കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളിമ്പിക്സ് വരെയുള്ള വിവിധ കായിക മത്സരങ്ങളിലും കായിക മേഖലകളിലും കഴിവ് തെളിയിച്ചവരാണ് അവാർഡ് ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നത്. നാടിന്റെ സാന്നിധ്യം അന്താരാഷ്ട്രതലത്തിൽ എത്തിച്ചവരെയാണ് നാം ഇപ്പോൾ ആദരിക്കുന്നത്. ഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവർക്ക് കഴിയും. അതിലൂടെ വളർന്നുവരുന്ന കായികതാരങ്ങൾക്ക് പ്രചോദനമാകണം. ജീവിതത്തിന്റെ യുവത്വം കായിക രംഗത്തിനായി മാറ്റിവച്ചവരാണ് ഇന്നത്തെ കായികതാരങ്ങൾ. കായികരംഗത്തുനിന്ന് നാളെ വിരമിച്ചാലും നിങ്ങളുടെ സേവനം നാടിനാവശ്യമാണ്.
ഇന്ന് ഒരു മെഡലാണ് ഒളിമ്പിക്സിൽ നമുക്ക് ലഭിച്ചത്. വരുംകാലങ്ങളിൽ അവയുടെ എണ്ണം വർധിക്കണമെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അതിനു നാം ഏറെ മുന്നേറേണ്ടതുണ്ട്. അത്തരം പ്രവർത്തനങ്ങൾ നാടിനൊപ്പം, മുന്നിൽനിന്നുകൊണ്ടുതന്നെ സർക്കാർ ഏറ്റെടുക്കും. കായികരംഗവുമായി കൂടുതൽ അടുപ്പമുള്ള വ്യക്തികൾ എന്നനിലയിൽ നിങ്ങൾക്കാണ് ഇക്കാര്യത്തിൽ കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുക. കായിക രംഗത്തെ നേട്ടങ്ങൾക്കൊപ്പം ഈ രംഗത്തെ മോശം പ്രവണതകളും ചൂണ്ടിക്കാണിക്കാനും പത്രപ്രവർത്തകർ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പുരസ്‌കാര ജേതാക്കളേയും ഹാർദ്ദവമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ജി.വി രാജ പുരസ്‌കാരത്തിന് അർഹരായ അത്ലറ്റുകളായ കുഞ്ഞ്മുഹമ്മദും മയൂഖ ജോണിയും മുഖ്യമന്ത്രിയിൽനിന്നും അവാർഡ് ഏറ്റുവാങ്ങി. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിന് സംസ്ഥാനത്തിന്റെ പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് അർഹനായ ബോക്‌സിങ്ങ് പരിശീലകൻ ചന്ദ്രലാൽ സ്പീക്കർ എം.ബി. രാജേഷിൽനിന്നും അവാർഡ് ഏറ്റുവാങ്ങി. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക പരിശീലകനായ വോളിബോൾ പരിശീലകൻ വി. അനിൽകുമാറിന് ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും സമ്മാനിച്ചു.
കോളേജ് തലത്തിൽ മികച്ച കായിക അധ്യാപികക്കുള്ള പുരസ്‌കാരം ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ സുജ മേരി ജോർജ്ജ് ഏറ്റുവാങ്ങി. മികച്ച കായികനേട്ടം കൈവരിച്ച കോളേജിനുള്ള പുരസ്‌കാരം കണ്ണൂർ എസ്.എൻ കോളേജിനും സ്‌കൂളിനുള്ള പുരസ്‌കാരം പാലക്കാട് മാത്തൂർ സി.എഫ്.ഡി.എച്ച്.എസിനും സമ്മാനിച്ചു. കോളേജ് തലത്തിൽ മികച്ച സ്‌പോട്‌സ് ഹോസ്റ്റൽ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പി.എസ് അനിരുദ്ധനും പി.ഒ സയനയും സമ്മാനിതരായി. മാതൃഭൂമിയിലെ സിറാജ് കാസിം അച്ചടിമാധ്യമത്തിലെ മികച്ച സ്‌പോട്‌സ് ജേണലിസ്റ്റിനുള്ള അവാർഡും മനോരമ ന്യൂസിലെ അനൂബ് ശ്രീധരൻ ദൃശ്യമാധ്യമത്തിലെ സ്‌പോട്‌സ് ജേണലിസ്റ്റിനുള്ള അവാർഡും ദേശാഭിമാനിയിലെ കെ.എസ് പ്രവീൺകുമാർ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡും എറ്റുവാങ്ങി. പ്രകാശ് താമരക്കാട്ടിനാണ് സ്‌പോട്‌സ് പുസ്തകത്തിനുള്ള അവാർഡ് സമ്മാനിച്ചത്. കായികരംഗത്തെ പ്രതിഭകളുടെ ജീവിത കഥകൾ – എന്ന പുസ്തകമാണ് പ്രകാശ് താമരക്കാട്ടിനെ പുസ്തകത്തിന് അർഹമാക്കിയത്.
നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷനായിരുന്നു. മന്ത്രിമാർ, പ്രതിപക്ഷനേതാവ്, എം.എൽഎമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, കായികതാരങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.