കുതിപ്പിൽ കണ്ണുതള്ളി മുന്നണികൾ; ഉച്ചകഴിഞ്ഞപ്പോൾ തന്നെ പോളിങ്ങ് ശതമാനത്തിൽ ഹാഫ്‌സെഞ്ച്വറി

Share

കൊവിഡ് വ്യാപന ഭീതിയും, പൊള്ളുന്ന വേനൽചൂടും വക വയ്ക്കാതെ ജനം കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക് ഒഴുകുന്നു. പോളിംഗ് തുടങ്ങി പകുതി സമയം കഴിയുമ്പോൾ അമ്പത് ശതമാനത്തിനും മുകളിൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുകയാണ്. മിക്ക ബൂത്തുകളിലും ജനം വോട്ട് ചെയ്യാനായി ക്യൂനിൽക്കുന്ന കാഴ്ചയാണുള്ളത്. ജനത്തിന്റെ ഭാഗത്ത് നിന്നുമുള്ള ഈ ശുഷ്‌കാന്തിയുടെ കാരണം അറിയാതെ പകച്ചിരിക്കുകയാണ് സംസ്ഥാനത്തെ മുന്നണികൾ.

വോട്ടിംഗ് അമ്പത് ശതമാനം പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ പോളിംഗ് നടന്നിരിക്കുന്നത് കോഴിക്കോടും കണ്ണൂരിലും,​ ആലപ്പുഴയിലുമാണ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത, ഇവിടെ 39.12 ശതമാനമാണ് പോളിംഗ്. കേരളത്തിൽ നൂറ്റിനാൽപ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിനിർണയിക്കുന്നത്. ഇവർക്കായി 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കുന്നുള്ളു. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.


ജില്ലാടിസ്ഥാനത്തിൽ പോളിംഗ് ഉച്ചയ്ക്ക് 2.30 വരെ
തിരുവനന്തപുരം 47.51
കൊല്ലം 48
പത്തനംതിട്ട 43.3
ആലപ്പുഴ 51.5
കോട്ടയം 47.5
ഇടുക്കി 45.5
എറണാകുളം 50
തൃശൂർ 51.45
പാലക്കാട് 52.1
മലപ്പുറം 46.4
കോഴിക്കോട് 51.4
വയനാട് 44.8
കണ്ണൂർ 53.2
കാസർകോട് 51.3

രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്.

ത്രികോണമത്സരത്തിന് സമാനമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിംഗാണുള്ളത്.പോളിംഗ് ദിവസത്തിലും ശബരിമല വിഷയം കത്തി നിന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വോട്ട് രേഖപ്പെടുത്തിയ ശേഷം നടത്തിയ പ്രസ്താവനയാണ് ഇതിന് പിന്നിൽ.

പിന്നാലെ യുഡിഎഫ് നേതാക്കൾ പതിവിൽ നിന്നും വിഭിന്നമായി കടുത്ത ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരണങ്ങൾ നടത്തുകയായിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ സംഘർഷങ്ങളുണ്ടായി, കള്ളവോട്ട് തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ചിലയിടങ്ങളിൽ തർക്കങ്ങളുണ്ടായത്. ചില സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീനിലെ തകരാറും പോളിംഗ് തടസപ്പെടാൻ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *