കാസർകോട് രണ്ടര കോടിയുടെ ചന്ദനം പിടികൂടി

Share

കാഞ്ഞങ്ങാട്: കാസർകോട്‌ ജില്ലയിൽ  രണ്ടരകോടിയുടെ  100 കിലോവരുന്ന ചന്ദന ശേഖരം പിടികൂടി.  കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽനിന്ന് ചാക്കുകളിലാക്കി ലോറിയിൽ കയറ്റാൻ തുടങ്ങുമ്പോഴാണ് സംഘം പിടിയിലായത്‌. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.

അസാധാരണമായ രീതിയിൽ ശബ്ദം കേട്ടതിനെ തുടർന്ന് കലക്ടറുടെ ഡ്രൈവർ ശ്രീജിത്തും ഗൺമാൻ ദിലീഷും സമീപത്തെ വീട്ടിലെത്തി. അവിടെയുണ്ടായിരുന്നവർ പരുങ്ങുന്നത് തിരിച്ചറിഞ്ഞ ശ്രീജിത്ത്, കൂട്ടിയിട്ട ചാക്കിലെ ചന്ദനത്തിന്റെ  ഗന്ധം തിരിച്ചറിഞ്ഞു. ഉടൻ കലക്ടറെ വിളിച്ചു.

തുടർന്ന് കലക്ടറും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് 100 കിലോയിലേറെ ചന്ദനശേഖരം പിടികൂടിയത്.ക്യാമ്പ് ഓഫീസിന് സമീപത്തായുള്ള തായൽ നായൻമാർമൂല സ്വദേശി അബ്ദുൾ ഖാദറിന്റെ വീട്ടിൽ ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദന ശേഖരം.   

കർണാടക രജിസ്ട്രേഷനിലുള്ള ടോറസ് ലോറിയും 3 കാറും കസ്റ്റഡിയിലെടുത്തു.
 ലോറിയിൽ ചന്ദനം സൂക്ഷിക്കാനായി പ്രത്യേക അറയുമുണ്ടായിരുന്നു.  പിടിച്ചെടുത്ത ചന്ദനങ്ങൾ വനം വകുപ്പിന് കൈമാറി.  വിദ്യാനഗർ പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സംശയം തോന്നാതിരിക്കാനാണ് കലക്ടറുടെ ക്യാമ്പ് ഓഫീസ് പരിസരം ചന്ദന ഗോഡൗണിനായി തെരഞ്ഞെടുത്തതെന്നാണ് പൊലീസ്  നൽകുന്ന സൂചന. വീട്ടുടമയ്ക്കെതിരെ  വനം വകുപ്പ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *