കള്ളനോട്ട് അച്ചടിച്ച് വിതരണം: മുഖ്യ ആസുത്രകനായ കണ്ണൂർ സ്വദേശി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Share

കോട്ടയം:ഹോംസ്റ്റേകളിലും ഫ്ളാറ്റുകളിലും    കുടുംബസമേതംതാമസിച്ച് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ സ്ത്രീകള്‍ അടക്കം നാലു പേര്‍ കൂടി അറസ്റ്റില്‍.

കേസിലെ പ്രധാന പ്രതി ശ്രീകണ്ഠാപുരം പുരം ചെമ്പേരി  തട്ടപ്പറമ്പില്‍ വീട്ടില്‍ എസ് ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ-31), ഷിബുവിന്റെ സഹോദരന്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ എസ് സജയന്‍(35), കൊട്ടരക്കര ജവഹര്‍ നഗര്‍ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയില്‍  സുധീര്‍(40 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തോടൊപ്പം പിടികൂടിയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും വിട്ടയച്ചു.

സംഘം ഉപയോഗിച്ചു വന്നിരുന്ന രണ്ട് ഇന്നോവ കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ വ്യാഴാഴ്ച പിടിയിലായ ഷിബുവിന്റെ പിതൃ സഹോദര പുത്രന്‍ കാഞ്ഞിരപ്പള്ളി കൊടുങ്ങൂര്‍ തട്ടാപ്പറമ്പില്‍ വീട്ടില്‍ എം സജി (38) ഉള്‍പ്പടെ അഞ്ച് പ്രതികളാണ് നിലവില്‍ അറസ്റ്റിലായത്.

പിടിയിലാവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് മാത്രമെ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകുമെന്ന് തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്  കാഞ്ഞിരപ്പള്ളി കൊടുങ്ങൂര്‍ പട്ടിമറ്റം തട്ടാപ്പറമ്പില്‍ വീട്ടില്‍ എം സജിയെ വ്യാഴാഴ്ച കോട്ടയം നഗരത്തിലെ വാഹന സര്‍വീസ് കേന്ദ്രത്തില്‍നിന്നുമാണ് അറസ്റ്റുചെയ്തത്.

സംഘം താമസിച്ചിരുന്ന കോട്ടയത്തെ ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പ്രിന്റര്‍, പെന്‍ഡ്രൈവ്, നോട്ട് അച്ചടിച്ച പേപ്പറിന്റെ മുറിച്ച ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി. സജി പിടിയിലാകുമ്പോള്‍ രക്ഷപ്പെട്ടയാളാണ്, ഇന്നലെ അറസ്റ്റിലായ സജിയുടെ പിതൃസഹോദരപുത്രന്‍ കൂടിയായ കാഞ്ഞാങ്ങാട് സ്വദേശി ഷിബു. സജി അറസ്റ്റിലായതോടെ പോലിസ് തങ്ങള്‍ക്കും പിന്നാലെയുണ്ടെന്ന് മനസിലാക്കിയ സംഘം ഇന്നലെ രാവിലെ ടാക്‌സി വിളിച്ച് കൊട്ടാരക്കരയിലുള്ള സുധീറിന്റെ വീട്ടിലേക്ക് പോകും വഴി പന്തളത്ത് വച്ചാണ് പോലിസ് വലയിലാവുന്നത്.

ഷിബുവും സജിയും നേരത്തേയും കള്ളനോട്ട് കേസില്‍ പ്രതികളാണ്. പൊന്നാനി, കണ്ണൂര്‍ സ്‌റ്റേഷനുകളിലാണ് ഇവര്‍ നേരത്തേ അറസ്റ്റിലായിട്ടുള്ളത്. ലോക്ഡൗണിന് തൊട്ടുമുന്‍പാണ് ഇവര്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. ഒഴിഞ്ഞ ഭാഗത്തുള്ള വില്ലകളും ഹോം സ്‌റ്റേകളും കേന്ദ്രീകരിച്ച് കുടുംബസമേതം താമസിക്കാനെത്തുന്നതാണ് ഇവരുടെ രീതി. ഇവിടെ വച്ചാണ് സ്‌കാനര്‍ ഉപയോഗിച്ച് യഥാര്‍ഥ നോട്ട് സ്‌കാന്‍ ചെയ്ത് പ്രിന്റൗട്ട് എടുത്ത് ഒട്ടിച്ച് വ്യാജന്‍ സൃഷ്ടിക്കുന്നത്. കുടുംബ സമേതം എത്തിയാല്‍ വീട്ടുടമകള്‍ സംശയിക്കില്ല.

ഉടമകളുമായി പരിചയവും അടുത്ത ബന്ധവും സ്ഥാപിക്കുകയും ചെയ്യും. ഒരു തവണ ആവശ്യത്തിന് നോട്ടുകള്‍ പ്രിന്റ് ചെയ്തിട്ട് അത് ചെലവഴിച്ച ശേഷം മറ്റൊരിടത്ത് ഇതേ പോലെ വീട് വാടകയ്ക്ക് എടുക്കും. റൊട്ടേഷന്‍ അനുസരിച്ചാണ് വീടുകള്‍ മാറിയിരുന്നത്.

സംഘം പിടിയിലാകാന്‍ കാരണമായത് തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്‌റ്റേ നടത്തിപ്പുകാരി ഇന്റലിജന്‍സിന് നല്‍കിയ വിവരമാണ്. തിരുവല്ല കുറ്റപ്പുഴയിലെ ഹോംസ്റ്റേയില്‍ ലോക്ഡൗണ്‍കാലത്ത് പലവട്ടം സംഘം താമസിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയാണ് താമസിക്കാനെത്തുന്നത്.

സെപ്റ്റംബര്‍ അഞ്ചിനാണ് ഒടുവില്‍ ഇവിടെ താമസിച്ചത്. ഇവര്‍ പോയിക്കഴിഞ്ഞ് കെട്ടിടം വൃത്തിയാക്കുന്നതിനിടെ നോട്ട് അച്ചടിച്ച പേപ്പറുകളുടെ മുറിച്ച ചില കഷണങ്ങള്‍ ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിലെ ഉദ്യോഗസ്ഥരെ ഹോംസ്റ്റേ ഉടമ വിവരമറിയിച്ചതോടെയാണ് പ്രതികള്‍ക്കായി വലവിരിച്ചത്. സജിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. ബാക്കി പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് തിരുവല്ല ഡി വൈ എസ് പി ടി രാജപ്പന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *