കല്പിതകഥകളുടെ കുത്തൊഴുക്കില്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഒഴുകിപ്പോകരുത്: മന്ത്രി കെ.എന്‍.ബാലഗോപാല്‍

Share

സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കല്പിതകഥകളുടെ കുത്തൊഴുക്കില്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ ഒഴുകിപ്പോകുന്ന പ്രവണത അപകടകരമാണെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ഇത് വര്‍ഗ്ഗീയതയെയും വിഭാഗീതയെയും സമൂഹത്തില്‍ വളര്‍ത്താന്‍ കാരണമാകുന്നു.

കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ ചരിത്രമായി കാണുന്നതിന് പകരം ചരിത്രത്തെ വിഭാഗീയമായി വര്‍ത്തമാനകാലത്ത് അവതരിപ്പിക്കുന്ന രീതി  വ്യാപകമായിരിക്കുകയാണ്. അഫ്ഗാന്‍ മുതല്‍ മലബാര്‍ കലാപം വരെയുളള സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ ഇത് തെളിയുന്നു. അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്നതിനായി  ഒരു വിമാനത്തിനുളളില്‍ ഫുട്‌ബോള്‍ മൈതാനത്തിലെന്ന വണ്ണം ആളുകള്‍ തിക്കിക്കൂടിയിരിക്കുന്നതിന്റെ ചിത്രം നല്‍കുന്ന സന്ദേശം ലോകത്തെവിടെയാണെങ്കിലും മതാധിഷ്ഠിത രാജ്യം ജനങ്ങളുടെ രക്ഷയ്ക്ക് ഉതകില്ല എന്നതാണ്.  വര്‍ത്തമാനകാലം ഭാവി തലമുറയ്ക്ക് മനസ്സിലാക്കുന്നതിന് ഉതകുന്നതാകണം  മാധ്യമ ഗവേഷക ഫെലോഷിപ്പ്ുകളെന്ന് ബാലഗോപാല്‍ പറഞ്ഞു.

കേരള മീഡിയ അക്കാദമിയുടെ നിര്‍ദ്ദിഷ്ട ന്യൂസിയം, വനിതാ പ്രസ് ക്ലബ്ബ് എന്നീ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. വര്‍ദ്ധിപ്പിച്ച പത്രപ്രവര്‍ത്തക പെന്‍ഷന്‍ ഉടനെ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കും ഗുണകരമായ പിന്തുണ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന സമ്മേളനത്തില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായിരുന്നു. പുതിയ ഫെലോഷിപ്പിനുളള അപേക്ഷ ഈ വര്‍ഷം തന്നെ ക്ഷണിക്കുമെന്നും ഫെലോഷിപ്പിന്റെ ഭാഗമായുളള നാല് ഗവേഷണ പുസ്തകങ്ങള്‍ ഉടനെ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകയും കഥാകാരിയുമായ കെ.ആര്‍.മല്ലികയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.

അക്കാദമി സെക്രട്ടറി എന്‍.പി.സന്തോഷ്, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെളളിമംഗലം, ഡോ.പി.കെ.രാജശേഖരന്‍, ജി.രാജ്‌മോഹന്‍, ഡോ.എം.ശങ്കര്‍ ഫെലോഷിപ്പിന് അര്‍ഹരായവരുടെ പ്രതിനിധികളായ രജി. ആര്‍.നായര്‍, സി.കെ.ദിനേശ് വര്‍മ, എന്നിവര്‍ സംസാരിച്ചു. ഫെലോഷിപ്പിന് അര്‍ഹരായവര്‍ക്ക് വേണ്ടിയുളള ശില്പശാല ഡോ.ജെ.പ്രഭാഷ്, ഡോ.പി.കെ.രാജശേഖരന്‍, ഡോ.മീന.ടി.പിളള, കെ.രാജേന്ദ്രന്‍ എന്നിവര്‍ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *