കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു

Share

കോട്ടയം: പ്രശസ്തകഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ച നെഗറ്റീവായ ശേഷം ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കഥകളി ആചാര്യന്‍ ഗുരുകുടമാളൂര്‍ കരുണാകരന്‍ നായരുടെ മരുമകനാണ്. കോവിഡ് ബാധിച്ച് കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് നെഗറ്റീവ് ആവുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

അഞ്ച് ദിവസം മുന്‍പ് ആരോഗ്യസ്ഥിതി മോശമാകുകയും വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ആലപ്പുഴ നെടുമുടിയില്‍ 1940 ഒക്ടോബറിലായിരുന്നു മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ ജനനം. പതിനാലാം വയസ്സു മുതല്‍ കഥകളി അഭ്യസിച്ചു തുടങ്ങി.

മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി എന്നിവരോടൊപ്പം കഥകളിയിലെ ഒട്ടുമിക്ക നായികാ വേഷങ്ങളും ഗോവിന്ദന്‍ കുട്ടി അവതരിപ്പിച്ചിട്ടുണ്ട്. കുടമാളൂര്‍ കരുണാകരന്‍ നായരുടെ മകളായ രാജേശ്വരിയാണ് ഭാര്യ. ചെണ്ട വിദ്വാന്‍ ഗോപീകൃഷ്ണന്‍, കഥകളി നടന്‍ കുടമാളൂര്‍ മുരളീകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *