കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ രണ്ടുപേരില്‍ നിന്നായി 82 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
ഇന്നലെ രാത്രി 7.48 ഓടെയാണ് വിമാനം കണ്ണൂരിലെത്തിയത്. കോഴിക്കോട് പാളയം സ്വദേശി ഇസ്മായില്‍ (47), കര്‍ണാടക ബട്കല്‍ സ്വദേശി റയ്ഹാന് ഹസന് (27) എന്നിവരാണ് പിടിയിലായത്. പോളിത്തീന്‍ കവറില്‍ ബനിയന്റെ അകത്തുവച്ച നിലയില്‍ 1678.5 ഗ്രാം സ്വര്‍ണമാണ് ഇസ്മായില്‍ നിന്നും പിടിച്ചെടുത്തത്.
ഷൂസിനടിയില്‍ പേറ്റ് രൂപത്തിലാക്കി കാലിനടിയില്‍ സൂക്ഷിച്ച 117 ഗ്രാം സ്വര്‍ണമാണ് റയ്ഹാനില് നിന്നും പടികൂടിയത്. കസ്റ്റംസ് അസി. കമിഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി ദേവി, പി.സി ചാക്കോ, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ഷജീര്‍, ജോയി സെബാസ്റ്റിയന്, ദിലീപ് കൗസല്, ഹബില്ദാര് രാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.