കണ്ണുരിലെ നവജാത ശിശു വിൽപ്പനാ ശ്രമം: പൊലിസ് അന്വേഷണം ശക്തമാക്കി

Share

കണ്ണൂര്‍: അസാം സ്വദേശികളായ ദമ്പതികളില്‍ നിന്ന് നവജാതശിശുവിനെ പണം നല്‍കി വാങ്ങാനുള്ള ശ്രമത്തിൽ കേസെടുത്ത് പൊലിസ് അന്വേഷണം ശക്തമാക്കി. നേരത്തെയും സമാനരീതിയില്‍ ഇവര്‍ കുഞ്ഞിനെ കൈമാറ്റം ചെയ്തിരുന്നതായും സംശയമുണ്ട്. കക്കാട് ഹാജി ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്ന അസം ബക്ബാര്‍ സ്വദേശികളായ ദമ്പതികളാണ് ഏഴുദിവസം പ്രായമുള്ള കുഞ്ഞിനെ അയല്‍വാസിയായ യുവതിക്ക് വില്‍പ്പന നടത്താനിരുന്നത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവം പുറത്തറിയാനിടയായത്. 

കുഞ്ഞിന് രണ്ടുലക്ഷം രൂപ വേണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. എന്നാല്‍ നേരത്തെ ഇത്രയും പണം ആവശ്യപ്പെട്ടില്ലെന്നും കുഞ്ഞിനെ തരണമെന്നും യുവതി ആവശ്യപ്പെട്ടതോടെ പ്രശ്‌നം പുറത്തറിഞ്ഞു. പ്രസവ ചികിത്സക്ക് ആശുപത്രിയില്‍ ഉള്‍പ്പെടെ യുവതിയുടെ പേരും മേല്‍വിലാസവുമാണ് ദമ്പതികള്‍ നല്‍കിയത്. ഇതു പരിശോധിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ട്.

നിയപരമായി യാതൊരു പരിരക്ഷയും ഇല്ലാതെയാണ് വില്‍പന നടത്താന്‍ ശ്രമിച്ചിരിക്കുന്നതെന്നും ചൈല്‍ഡ് ലൈനിന്റെ അനുമതി വാങ്ങിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ഹാജരാക്കിയ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ച യുവതിയുടെതാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തിയപ്പോള്‍ യുവതി കുഞ്ഞിനെ ആവശ്യപ്പെട്ട് ഇവരുടെ മുറിയിലെത്തി. 

ദരിദ്രരായ അസാം ദമ്പതികളുടെ പ്രസവ സംബന്ധമായ ചെലവുകളും മറ്റും വഹിച്ചതും യുവതിയായിരുന്നു. ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ മുതല്‍ കുഞ്ഞിനെ കാണിക്കാന്‍ ദമ്പതികള്‍ അനുവാദം കൊടുക്കാതിരുന്നതോടെ ഇരുകൂട്ടരും തമ്മില്‍ ബഹളമായി. പോലിസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി അന്വേഷിച്ചപ്പോഴാണ് വില്‍പ്പനയുടെ കാര്യം അറിയുന്നത്.

തുടര്‍ന്ന് കുഞ്ഞിനെ ഏറ്റെടുത്ത് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഷെല്‍ട്ടറിലേക്ക് മാറ്റി. കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ കണ്ണൂരിലെ വനിതാ പോലിസ് സ്‌റ്റേഷനിലേക്ക് ദമ്പതികളെത്തി ബഹളം വച്ചിരുന്നു. കുട്ടിയെ ലഭിക്കണമെങ്കില്‍ കുട്ടി ദമ്പതികളുടേതാണ് കാണിക്കുന്ന ആശുപത്രി രേഖകള്‍ ഹാജരാക്കണമെന്ന് പോലിസ് പറഞ്ഞതു പ്രകാരം ജില്ലാ ആശുപത്രിയിലും ഇരുവരും എത്തിയിരുന്നു. മേല്‍വിലാസം യുവതിയുടെ പേരിലുള്ളതിനാല്‍ രേഖകള്‍ ലഭിക്കാനും ഇനി ബുദ്ധിമുട്ടാണ്. നിയമപരമായി സാധ്യത പരിശോധിക്കാതെ കുഞ്ഞിനെ വിട്ടുകൊടുക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു. ദാരിദ്ര്യം കാരണം ദമ്പതികള്‍ മറ്റാര്‍ക്കെങ്കിലും കുഞ്ഞിനെ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും പോലിസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സംഭവത്തില്‍ നിലവില്‍ ആര്‍ക്കെതതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവരോട് സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ച് മറ്റു നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് വനിത സി.ഐ ലീലാമ്മ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *