കൊച്ചി: ഓസീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ പുതിയ ജേഴ്സി സീനിയർ താരം ശിഖർ ധവാൻ പുറത്തിറക്കി.കോവിഡിന് ശേഷമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരമ്പരയ്ക്ക് 27ന് ഓസ്ട്രേലിയയിൽ തുടക്കം.
ഏകദിനവും ട്വന്റി–-20യും ടെസ്റ്റും ഉൾപ്പെടെ അടുത്തവർഷം ജനുവരിവരെ മത്സരങ്ങളാണ്. ഇടയ്ക്ക് നിലച്ചുപോയ ക്രിക്കറ്റ് ആവേശം തിരിച്ചുവരികയാണ് ഇനിയുള്ള ഒന്നരമാസം. ഐപിഎൽ കഴിഞ്ഞ് കളിക്കാരെല്ലാം ഒരുങ്ങിക്കഴിഞ്ഞു.
2018ൽ ഓസീസ് മണ്ണിൽ ചരിത്രനേട്ടം കുറിച്ചായിരുന്നു വിരാട് കോഹ്ലിയും സംഘവും മടങ്ങിയത്. 2–-1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും വിലക്കിലുള്ള കാലത്തായിരുന്നു ഓസീസ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയത്. ഇക്കുറി സ്മിത്തും വാർണറും പൂർവാധികം കരുത്തോടെ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യൻ നിരയിൽ പരിക്ക് ആശങ്കകളുണ്ട്. ക്യാപ്റ്റൻ വിരാട് കോഹ്ലി അവസാന മത്സരങ്ങളിൽ കളിക്കുകയുമില്ല.
മഹേന്ദ്ര സിങ് ധോണി വിരമിച്ചതിനുശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പരയും കൂടിയാണിത്. മൂന്നുവീതം ഏകദിന, ട്വന്റി–-20 മത്സരങ്ങൾ, നാല് ടെസ്റ്റ് എന്നിവയാണ് പരമ്പരയിൽ. ഇതിനിടെ രണ്ട് സന്നാഹ മത്സരങ്ങളും നടക്കും.ഏകദിന പരമ്പരയോടെയാണ് തുടക്കം. ആദ്യകളി 27ന് സിഡ്നിയിൽ നടക്കും. ട്വന്റി–-20 പരമ്പരയ്ക്ക് ഡിസംബർ നാലിന് തുടക്കമാകും.
ടെസ്റ്റ് പരമ്പര ഡിസംബർ 17നാണ് തുടങ്ങുക. ഏകദിന, ട്വന്റി–-20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്. ഐപിഎലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് വഴിയൊരുക്കിയത്.
ഏകദിന ടീം: വിരാട് കോഹ്ലി, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, ജസ്പ്രീത് ബുമ്ര, യുശ്വേന്ദ്ര ചഹാൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നവ്ദീപ് സെയ്നി, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, ശർദുൾ താക്കൂർ.
ട്വന്റി–-20 ടീം: വിരാട് കോഹ്ലി, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, ജസ്പ്രീത് ബുമ്ര, യുശ്വേന്ദ്ര ചഹാൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നവ്ദീപ് സെയ്നി, സഞ്ജു സാംസൺ, ടി നടരാജൻ, വാഷിങ്ടൺ സുന്ദർ, ദീപക് ചഹാർ.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, ജസ്പ്രീത് ബുമ്ര, ഹനുമി വിഹാരി, അജിൻക്യ രഹാനെ, ഉമേഷ് യാദവ്, പൃഥ്വി ഷാ, ആർ അശ്വിൻ, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ്, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ശുഭ്മാൻ ഗിൽ, നവ്ദീപ് സെയ്നി. (അവസാന രണ്ട് ടെസ്റ്റിൽ രോഹിത് ശർമയും ഇശാന്ത് ശർമയും കളിക്കും).