ഒൻപതു മണിക്കൂർ ചോദ്യം ചെയ്യൽ: ശിവശങ്കറിന് താൽക്കാലിക വിശ്രമം

Share

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ വിട്ടയച്ചു. കൊച്ചി എന്‍.ഐ.എ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇത് മൂന്നാം തവണയാണ് എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. എന്‍.ഐ.എ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

സ്വർണ കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായ എം.ശിവശങ്കറിനെ കസ്റ്റംസ് അധികൃതരാണ് ആദ്യം ചോദ്യം ചെയ്യുന്നത്. ജൂലൈ 14 ന് വൈകിട്ട് 5.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ 15ന് പുലർച്ചെ 2.15 വരെ നീണ്ടുനിന്നു. പിന്നീട് എൻ.ഐ.എയുടെ ഊഴമായിരുന്നു. ജൂലൈ 23ന് തിരുവനന്തപുരത്ത് വെച്ചാണ് എൻ.ഐ.എ അന്വേഷണ സംഘം ആദ്യമായി ചോദ്യം ചെയ്തത്.

അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. തുടർന്ന് ജൂലൈ 27നും 28 നും തുടർച്ചയായ രണ്ടു ദിവസങ്ങൾ നെടുനീളൻ ചോദ്യം ചെയ്യലാണ് എൻഐഎ നടത്തിയത്.ആദ്യ ദിവസം ഒമ്പതു മണിക്കൂറും രണ്ടാമത്തെ ദിവസം പത്തരമണിക്കൂറും ചോദ്യം ചെയ്യൽ നീണ്ടു. ഉത്തരങ്ങളിൽ മതിയായ വ്യക്തത വരാതെ വന്നതോടെയാണ് എൻഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *