ഐ ടി, ഐ ടി അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ നടപടി: മന്ത്രി വി ശിവൻകുട്ടി

Share

ഐ ടി, ഐ ടി അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഐ ടി, ഐ ടി അനുബന്ധ മേഖലയിലെ ജീവനക്കാർക്കും സംരംഭകർക്കുമുള്ള ക്ഷേമ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഐ.റ്റി. മേഖലയിലും ഐ.റ്റി. അനുബന്ധമേഖലയിലുമായി രണ്ട് ലക്ഷത്തിലധികം ജീവനക്കാർ ജോലി ചെയ്തു വരുന്നുണ്ട്. 1,15,452 തൊഴിലാളികൾ നിലവിൽ ഈ പദ്ധതിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള അംഗങ്ങൾക്ക് പെൻഷൻ, കുടുംബപെൻഷൻ, ചികിത്സാ സഹായം, വിവാഹാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം, മരണാനന്തര സഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്‌സ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട വരുമാനമുള്ള മേഖലയാണ് ഐ.റ്റി. മേഖലയും ഐ.റ്റി. അനുബന്ധ മേഖലയും.
വിവര സാങ്കേതിക വിദ്യയിലും അനുബന്ധ മേഖലകളിലും വിപുലമായ തൊഴിൽ സാധ്യതയിൽ വിശ്വാസമർപ്പിച്ച് ലക്ഷക്കണക്കിന് കുട്ടികളാണ് ഈ മേഖലയിലെ പഠനവുമായി മുന്നിട്ടിറങ്ങുന്നത്.

ഐ.റ്റി. മേഖലയിലെ ജീവനക്കാർ, അക്ഷയ
സംരംഭകർ, വിവിധ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, ഡിസൈൻ ജോലി ചെയ്യുന്നവർ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാർക്കും പ്രയോജനകരമാകുന്നതാണ് ക്ഷേമപദ്ധതി. പദ്ധതി കാലോചിതമായി പരിഷ്‌കരിച്ച് തൊഴിലാളികൾക്ക് ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.