ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി

Share

തുളസിത്തറ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച്‌ കെപിസിസി വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു വിവാദം അനാവശ്യമായിപ്പോയെന്ന്‌ ഗ്രൂപ്പില്‍ തന്നെ അഭിപ്രായമുയരുന്നുണ്ട്‌.

പിണറായുടേത്‌ ചെത്തുകാരന്റെ കുടുംബമാണെന്ന സുധാകരന്റെ പ്രസ്‌താവനയാണ്‌ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയത്‌. അത്‌ മോശം പരാമര്‍ശം ആണെന്ന്‌ അഭിപ്രായപ്പെട്ടത്‌ ഐ ഗ്രൂപ്പില്‍തന്നെ ഷാനിമോള്‍ ഉസ്‌മാന്‍ എംഎല്‍എ ആണ്‌. സുധാകരന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.

സുധാകരന്റെ പരാമര്‍ശം ഒഴിവാക്കേണ്ടിയിരുന്നതാണെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവിന്റെ ഈ പരാമര്‍ശം സുധാകരനെ ചൊടിപ്പിച്ചു. ചെന്നിത്തലയുടെ പ്രസ്‌താവന അനുചിതമായിപ്പോയെന്ന്‌ സുധാകരന്‍ പ്രതികരിച്ചു. തന്നോട്‌ അനീതി കാണിച്ചു. ഇതിന്‌ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുവരെ സുധാകരന്‍ ആരോപിച്ചു.

യുഡിഎഫ്‌ കണ്‍വീനര്‍ എംഎം ഹസന്‍ ഒഴികെ സുധാകരന്റെ പരാമര്‍ശനത്തെ വിമര്‍ശിച്ചവരെല്ലാം ഐ ഗ്രൂപ്പുകാരാണ്‌. സുധാകരന്റെ വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടിയിരുന്നുവെന്ന്‌ ഹസന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ തന്ത്രപരമായ പ്രതികരണമാണ്‌ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും നടത്തിയത്‌. സ്ഥലത്ത്‌ ഇല്ലാതിരുന്നതിനാല്‍ താന്‍ ഇതൊന്നും അറിഞ്ഞില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കെ സുധാകരന്‍ മോശം പരാമര്‍ശം നടത്തുന്നയാള്‍ അല്ലെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്‌.

സിപിഎം പോലും പ്രതികരിക്കാത്ത കാര്യത്തില്‍ ഷാനിമോള്‍ ഉസ്‌മാന്റെ അഭിപ്രായപ്രകടനം അനുചിതമായിപ്പോയെന്ന്‌ രമേശ്‌ ചെന്നിത്തലയുമായും സുധകരനുമായും നല്ല ബന്ധം സൂക്ഷിക്കുന്ന ഐ ഗ്രൂപ്പിന്റെ ഒരു പ്രമുഖ നേതാവ്‌ ‘സര്‍ക്കാര്‍ ഡെയ്‌ലി’യോട്‌ പറഞ്ഞു.

രമേശ്‌ ചെന്നിത്തലയുടേയും ഷാനിമോളിന്റെയും പ്രതികരണത്തില്‍ സുധാകരന്‍ ക്ഷുഭിതനാണ്‌. കേരളത്തില്‍ ഐ ഗ്രൂപ്പിന്റെ നേതാവ്‌ രമേശ്‌ ചെന്നിത്തലയാണെങ്കിലും ഗ്രൂപ്പിന്റെ ശക്തി കെ സുധാകരനാണ്‌. മുല്ലപ്പള്ള രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകും എന്ന അഭ്യൂഹത്തിനിടെയാണ്‌ ‘ചെത്തുതൊഴിലാളി’ പരാമര്‍ശം വിവാദമായിരിക്കുന്നത്‌. സുധാകരനെ ‘തട്ടിയെടുക്കാന്‍’ ഉമ്മന്‍ ചാണ്ടി തീവ്രശ്രമം നടത്തുന്നതിനിടയിലാണ്‌ രമേശ്‌, വിവാദം ആളിക്കത്തിച്ചതെന്ന്‌ അഭിപ്രായമുള്ളവരും ഐ ഗ്രൂപ്പിലുണ്ട്‌. കെ കരുണാകരന്റെ ചാണക്യതന്ത്രം അറിയാവുന്ന ഒരൊറ്റ നേതാവേ ഇന്നു കേരളത്തിലെ കോണ്‍ഗ്രസില്‍ ഉള്ളൂ – അത്‌ ഉമ്മന്‍ ചാണ്ടിയാണ്‌.

വിവാദം തണുപ്പിച്ച്‌ കെ സുധാകരനേയും രമേശ്‌ ചെന്നിത്തലയേയും വീണ്ടും ഐ ഗ്രൂപ്പിന്റെ പടത്തലവന്‍മാരാക്കാന്‍ ഗ്രൂപ്പിലെ ചില മുതിര്‍ന്ന നേതാക്കളും ശ്രമം തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ ഭാഗമാണ്‌ രമേശിന്റെ വെള്ളിയാഴ്‌ചത്തെ പ്രസ്‌താവന. ഒരു ചോദ്യത്തിന്‌ ഉത്തരമായി താന്‍ നടത്തിയ പ്രസ്‌താവന വെറുതെ വിവാദമാക്കിയതാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരുകൂട്ടരും ‘സോറി’ പറഞ്ഞാലും കോണ്‍ഗ്രസ്‌ അണികള്‍ക്കിടയില്‍ പ്രത്യേകിച്ച്‌ ഐ ഗ്രൂപ്പിനിടയില്‍ വിവാദം ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പിന്‌ മുന്‍പ്‌ അത്‌ ഉണങ്ങിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *