എ.വിജയരാഘവന് ഇരട്ടച്ചുമതല: കണ്ണുരിലെ നേതാക്കളിൽ അതൃപ്തി

Share

കണ്ണൂർ: എൽ.ഡി. എഫ് കൺവീനർ കൂടിയായ എ.വിജയരാഘവന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പകരം ചുമതല നൽകിയതിന് പിന്നില്‍ പാർട്ടിയുടെ കണ്ണൂര്‍ നേതാക്കളിലെ  അഭിപ്രായ ഭിന്നതയെന്ന്  സൂചന. കോടിയേരി ബാലകൃഷ്ണന്‍റെ അഭാവത്തില്‍ പാർട്ടി സെന്‍ററിന്റെ ഏകോപന ചുമതല ഉണ്ടായിരുന്ന എം.വി ഗോവിന്ദനെ തഴഞ്ഞാണ് വിജയരാഘവന് സെക്രട്ടറിയുടെ ചുമതല നൽകിയത്.
ഇ.എം.എസിന്റെ പിന്‍ഗാമിയായി സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പഥത്തിലെത്തിയവരില്‍ വി.എസ് അച്യുതാനന്ദന്‍ ഒഴികെ മറ്റുളളവരെല്ലാം കണ്ണൂരുകാരായിരുന്നു.

അത്രത്തോളമുണ്ടായിരുന്നു കേരളത്തിലെ സി.പി.എമ്മിനുളളില്‍ കണ്ണൂര്‍ ലോബിയുടെ കരുത്ത്. എന്നാല്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല നല്‍കുക എന്ന അനിതര സാധാരണമായ നടപടിയിലൂടെ വിളളല്‍ വീണത് ആ ചരിത്രത്തിന് മാത്രമല്ല പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്ക് കൂടിയാണ്. ചികിത്സാര്‍ത്ഥം കോടിയേരി ബാലകൃഷ്ണന്‍ ചുമതലകളില്‍ നിന്ന് മാറി നിന്നപ്പോള്‍ പാര്‍ട്ടി സെന്ററിന്റെ ഏകോപന ചുമതല എം.വി ഗോവിന്ദനായിരുന്നു. സ്വാഭാവികമായും കോടിയേരിക്ക് പകരം എം.വി ഗോവിന്ദന്‍ ആ സ്ഥാനത്ത് എത്തുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ കഴിഞ്ഞ ഏറെ കാലമായി പാര്‍ട്ടി യിലെ കണ്ണൂര്‍ ലോബിക്കുളളില്‍ നീറി പുകയുന്ന പടല പിണക്കങ്ങളാണ് ആ നീക്കത്തിന് തടയിട്ടത്. അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ ഇ.പി ജയരാജനെ സെക്രട്ടറി സ്ഥാനത്ത് കൊണ്ടുവരികയാണ് പിണറായി പക്ഷത്തിന്റെ ലക്ഷ്യം. എം.വി ഗോവിന്ദന് സെക്രട്ടറിയുടെ ചുമതല നല്‍കിയാല്‍ ആ നീക്കം അത്ര എളുപ്പമാവില്ലെന്ന തിരിച്ചറിവാണ് എ.വിജയരാഘവന്റെ പുതിയ സ്ഥാന ലബ്ധിക്ക് പിന്നിലുളളത്.

Leave a Reply

Your email address will not be published. Required fields are marked *