എൻ.ജി.ഒ യൂനിയൻ നേതാവ് ജി സോമരാജൻ അന്തരിച്ചു

Share

കോട്ടയം:എന്‍ജിഒ യൂണിയന്‍ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനുമായ ജി സോമരാജന്‍(53)(പറമ്പി) അന്തരിച്ചു. കൊല്ലം മുളവന ചെരുവില്‍ പുത്തന്‍വീട്ടില്‍ ഗോവിന്ദന്റെയും നാണിയുടെയും മകനാണ്.  

കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ  കോവിഡ് ബാധിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സകള്‍ക്കും രക്തം ആവശ്യമായും വരുന്നവര്‍ക്ക് വലിയ സഹായം നല്‍കിയ വ്യക്തികൂടിയായിരുന്നു സോമരാജന്‍ 
കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവത്കരിച്ചതിലും അദ്ദേഹം പങ്ക്  വഹിച്ചു.

വര്‍ഷങ്ങളോളം എന്‍ജിഒ യൂണിയന്‍ കോട്ടയം ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച സോമരാജന്‍ ജീവനക്കാരുടെ എല്ലാ അവകാശ പോരാട്ടങ്ങളുടെയും മുന്നണി പടയാളിയായി സംഘടനയെ നയിച്ചു
 2002-ലെ 32 ദിവസത്തെ ഐതിഹാസിക പണിമുടക്കിലും 2013-ലെ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ നടന്ന പണിമുടക്കിലും ജീവനക്കാരെ സംഘടിപ്പിക്കുന്നതിലും അണി ചേര്‍ക്കുന്നതിലും വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. നിലവില്‍ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കൗണ്‍സിലംഗവും ആണ്.

നാടിന്റെ നാനാമേഖലയില്‍ നിന്നും ജനങ്ങള്‍ സോമരാജന് ആദരാഞ്ജലി അര്‍പ്പിച്ചു.ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് മാന്നാനം കുട്ടിപ്പടി കാര്‍ത്തിക വീട്ടുവളപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അഭയം ചാരിറ്റബിള്‍ സൊസൈറ്റി നിര്‍വഹിക്കും.

ഭാര്യ: ഡെയ്‌സമ്മ പി ടി (സ്റ്റാഫ് നേഴ്‌സ്, കോട്ടയം മെഡിക്കല്‍ കോളേജ്), മക്കള്‍: ലക്ഷ്മി ഡി എസ് (തിരുവനന്തപുരം), കൈലാസ് എസ് (വിദ്യാര്‍ത്ഥി, ഐഎച്ച്എം, കോവളം), മരുമകന്‍: അഖില്‍ രാജ് (ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, തിരുവനന്തപുരം)

Leave a Reply

Your email address will not be published. Required fields are marked *