എൻഫോഴ്സമെൻ്റ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി ബിനീഷിൻ്റെ ഭാര്യയുടെ ആരോപണം

Share

കൊച്ചി:വീട്ടില്‍ ഇല്ലാത്ത രേഖകള്‍ കൊണ്ടുവന്നിട്ട് ഒപ്പിടാന്‍ എന്‍ഫോഴ്‌‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഹസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി ബിനീഷ് കോടിയേരിയുടെ ഭാര്യ. അനൂപ് മുഹമ്മദിന്റെ പേരിലുള്ള കാര്‍ഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുവരികയായിരുന്നു.

ഇത് കണ്ടെടുത്തു എന്ന് സമ്മതിച്ച് ഒപ്പിടാന്‍ പറഞ്ഞു. അതിന് വിസമ്മതിച്ചപ്പോള്‍ ബിനീഷിനെ വീണ്ടും പ്രശ്‌നത്തിലാക്കുമെന്നും തങ്ങളെയും ജയിലിലാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു.

വീട്ടില്‍ നിന്ന് ഒരു സാധനവും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയില്ല. അമ്മയുടെ ഫോണ്‍ മാത്രമാണ് കൊണ്ടുപോയതെന്നും റെനീറ്റ പറഞ്ഞു. വക്കീലിനെ ബന്ധപ്പെടാന്‍ പോലും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ സമ്മതിച്ചില്ല. 25 മണിക്കൂറും വെറുതേ ഇരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.

ബിനീഷ് ഒരു ബോസും ഡോണുമല്ല, കുറച്ച് സുഹൃത്തുക്കള്‍ മാത്രമുണ്ടെന്നേയുള്ളൂ. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷിന് കൂടുതല്‍ പ്രശ്‌നമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്നും കണ്ടെടുക്കാത്തവ ഒപ്പിട്ട് നല്‍കില്ലെന്നും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്‌തോളാനും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും കുടുംബം പറഞ്ഞു.

വീടിനു പുറത്ത് ബന്ധുക്കളുടെ പ്രതിഷേധം കനത്തതോടെ 25 മണിക്കൂര്‍ നീണ്ട പരിശോധന അവസാനിപ്പിച്ച് ഇഡി മടങ്ങി. ബിനീഷിന്റെ കുടുംബം മനുഷ്യാവകാശ കമീഷനേയും വനിതാ കമീഷനെയും സമീപിച്ചു. രണ്ടര വയസുള്ള കുഞ്ഞിനെയടക്കം തടഞ്ഞുവെച്ചതിനെതിരെ സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി. കുഞ്ഞിനെ തടവിലാക്കിയെന്ന പരാതിയെ തുടര്‍ന്ന് ബാലാവകാശ കമീഷന്‍ അംഗങ്ങള്‍ എത്തിയെങ്കിലും കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കുട്ടിയുടെ അവകാശം ഉദ്യോഗസ്ഥര്‍ നിഷേധിച്ചുവെന്ന് ചെയര്‍മാന്‍ പറഞ്ഞു.

12 ഉദ്യോഗസ്ഥരാണ് സിആര്‍പിഎഫിന്റെ സുരക്ഷയോടെ റെയ്‌ഡ് നടത്തിയത്. ഇഡി അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നുവെന്ന് ബിനീഷിന്റെ ഭാര്യയുടെ അച്ഛന്‍ പരാതി നല്‍കി. തുടര്‍ന്ന് പൂജപ്പുര പൊലീസ് സ്ഥലത്ത് എത്തിയതോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്‌ഡ് അവസാനിപ്പിച്ച് മടങ്ങാനിറങ്ങിയത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. വിവരങ്ങള്‍ വിശദമായി തരാമെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *