എൻജിനിയറിങ് വിദ്യാർത്ഥിനിയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം

Share

തൃശൂര്‍: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ ചിയ്യാരം സ്വദേശിനിയായ നീതു (21) കൊല്ലപ്പെട്ട കേസില്‍ വടക്കേക്കാട് സ്വദേശി നിധീഷിനെ (27) യാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 

2019 ഏപ്രില്‍ നാലിന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് നീതുവിനെ വീടിന്റെ ശുചിമുറിയില്‍ വച്ച് നിധീഷ് കൊലപ്പെടുത്തിയത്. അമ്മ നേരത്തെ മരിച്ചതിനാല്‍ നീതു അമ്മാവന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കളമശേരിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന നിധീഷ് കത്തിയും പെട്രോളും വാങ്ങി വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശിയും അമ്മാവനുമാണ് പ്രതിയെ കയ്യോടെ പിടികൂടി പോലിസിന് കൈമാറിയത്.  കൊല്ലാന്‍ ഉപയോഗിച്ച കത്തി വീടിന്റെ ശുചിമുറിയില്‍ നിന്ന് പോലിസ് കണ്ടെടുത്തിരുന്നു.

പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും കണ്ടെടുത്തു. കൊല നടത്തിയതിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പക്ഷേ, കൊലയ്ക്കു ശേഷം പ്രതി ഇറങ്ങിവരുന്നത് നീതുവിന്റെ ബന്ധുക്കള്‍ കണ്ടിരുന്നു. ഇവരുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.

Leave a Reply

Your email address will not be published. Required fields are marked *