എസ്.ബി.ഐയിൽ ക്ളർക്ക്, ഓഫീസർ തസ്തിക ഒഴിവാക്കി

Share

കൊച്ചി:രാജ്യത്താദ്യമായി ബാങ്കിങ്‌ മേഖലയിൽ ക്ലർക്ക്‌, ഓഫീസർ തസ്‌തികയിൽ സ്ഥിരം നിയമനം ഉപേക്ഷിച്ച്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അപ്രന്റീസ്‌ നിയമനം നടപ്പാക്കുന്നു. ആദ്യഘട്ടമായി 8500 ഒഴിവുകളിൽ സ്‌റ്റൈപ്പെന്റ്‌ മാത്രം നൽകി അപ്രന്റീസുകളെ മൂന്നുവർഷത്തേക്ക്‌ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ബിരുദമാണ്‌ യോഗ്യത. കേരളത്തിൽ 141 ഒഴിവുകളിലേക്കുൾപ്പെടെയാണ്‌ അപേക്ഷ ക്ഷണിച്ചത്‌.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന അപ്രന്റീസുകൾക്ക്‌ ആദ്യവർഷം പ്രതിമാസം 15,000 രൂപയും രണ്ടാംവർഷം 16,500 രൂപയും മൂന്നാംവർഷം 19,000 രൂപയും മാത്രമാണ്‌ സ്‌റ്റൈപ്പെന്റ്‌.

എന്നാൽ, ഇതേ യോഗ്യതയുള്ളവർക്ക്‌ സ്ഥിരം നിയമനമായിരുന്നെങ്കിൽ ക്ലർക്കിന്‌ കുറഞ്ഞത്‌ 30,000 രൂപ (അടിസ്ഥാനശമ്പളം 19,900)യും പ്രൊബേഷണറി ഓഫീസർക്ക്‌ 50,000 രൂപ (അടിസ്ഥാന ശമ്പളം 36,000)യും ശമ്പളം നൽകണമായിരുന്നു.എസ്‌ബിഐ ക്ലർക്ക്‌, ഓഫീസർ തസ്‌തികയിൽ അടുത്തിടെ കരാർ നിയമനം പരീക്ഷിച്ചെങ്കിലും അതിന്റെ നാലിലൊന്നു തുകയ്‌ക്ക്‌ അപ്രന്റീസുകളാക്കി ജോലി ചെയ്യിക്കാനാണ്‌ പുതിയ നീക്കം.

അപ്രന്റീസ്‌ നിയമനത്തിൽ 2018ൽ നിലവിൽവന്ന ഭേദഗതിപ്രകാരം നിയമന കാലാവധി ആറുമാസത്തിൽനിന്ന്‌ മൂന്നുവർഷംവരെയാക്കി. ഇതിന്റെ ചുവടുപിടിച്ചാണ്‌ എസ്‌ബിഐയിൽ കേന്ദ്രസർക്കാരിന്റെ പുതിയ പരീക്ഷണം. അപ്രന്റീസുകൾക്ക് സ്ഥിരനിയമനത്തിന്‌ അർഹതയില്ലെന്നും വിജ്ഞാപനത്തിലുണ്ട്‌. സ്ഥിരനിയമനത്തിന്‌ നടത്തുന്ന അതേ സിലബസ്‌ പ്രകാരമുള്ള എഴുത്തുപരീക്ഷ തന്നെയാണ്‌ അപ്രന്റീസ്‌ നിയമനത്തിനും.

അതിന്റെ സിലബസും ഓൺലൈൻ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഓൺലൈൻ അപേക്ഷയോടൊപ്പം 300 രൂപ അപേക്ഷാഫീസും ഈടാക്കുന്നുണ്ട്‌.

ജീവനക്കാരുടെ എണ്ണം അധികമാണെന്നുപറഞ്ഞ്‌ ഡിസംബറിൽ പുതിയ വിആർഎസ്‌ പദ്ധതി പ്രഖ്യാപിക്കാനിരിക്കെയാണ്‌ 8500 തസ്‌തികയിൽ അപ്രന്റീസ്‌ നിയമനം. എസ്‌ബിഐ പ്യൂൺ/ സ്വീപ്പർ തസ്തിക പൂർണമായും  നേരത്തെതന്നെ കരാർവൽക്കരിച്ചതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *