എസ്.പി ബി ഗിന്നസ് റെക്കാർഡ് തേടിയെത്തിയ സംഗീത പ്രതിഭ

Share

കൊച്ചി: ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തിന് അതുല്യ സംഭാവനങ്ങൾ നൽകിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ഭാഷകളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച എസ്പിബിയുടെ വിടവാങ്ങൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ ഏറ്റവുമധികം സിനിമാ ഗാനങ്ങൾ ആലപിച്ച എസ്പിബി ഗിന്നസ് അടക്കം നിരവധി റിക്കാർഡും പേരിലാക്കിയിട്ടുണ്ട്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി 14 പ്രാദേശിക ഭാഷങ്ങളിലും വിദേശഭാഷങ്ങളിലും അടക്കം 40,000ലേറെ ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. ഏറ്റവുമധികം പാട്ടുകൾ റിക്കോർഡ് ചെയ്‌തതിന്‍റെ ഗിന്നസ് റെക്കോർഡ് എസ്പിബിയുടെ പേരിലാണ്. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല.

ഒരു ദിവസം ഏറ്റവുമധികം ഗാനങ്ങൾ ആലപിച്ചതിനും എസ്പിബിക്ക് റിക്കാർഡുണ്ട്. 12 മണിക്കൂറിനുള്ളിൽ 21 ഗാനങ്ങൾ ആലപിച്ചതിനാണ് റിക്കോർഡ്. ഉപേന്ദ്ര കുമാർ എന്ന കമ്പോസറിന് വേണ്ടിയായിരുന്നു എസ്പിബി ഇത്രയധികം ഗാനങ്ങൾ ഒറ്റദിവസം പാടിയത്. ഇതിന് പുറമെ തമിഴിൽ ഒരു ദിവസം 19 ഗാനങ്ങളും ഹിന്ദിയിൽ ഒറ്റ ദിവസത്തിൽ 19 ഗാനങ്ങളും പാടിയിട്ടുണ്ട്.മലയാളത്തിൽ 120 സിനിമാ ഗാനങ്ങൾ എസ്പിബി ആലപിച്ചിട്ടുണ്ട്.

ഊട്ടിപ്പട്ടണം, താരാപഥം, പാല്‍ നിലാവിലേ തുടങ്ങി മലയാളത്തിലും ഹിറ്റുകളുടെ പെരുമഴ തീര്‍ത്തു അദ്ദേഹം. ഇളയരാജയുടെ സംഗീതത്തിൽ അനശ്വരം എന്ന സിനിമയിലെ ഗാനം, താരാപഥം ചേതോഹരം… തുടങ്ങിയ പാട്ടുകൾ സംഗീതാസ്വാദക മനസിൽ മായാതെ കിടക്കുന്നു.നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തി. തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം പല തവണ നേടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് എസ്.പി.ബി 25 വട്ടം നേടി. 2001ൽ പത്മശ്രീയും 2011ൽ പദ്‌മഭൂഷണും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *