ചെന്നൈ: അന്തരിച്ച ഇതിഹാസ ഗായകന് എസ്.പി ബാലസുബ്രമണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്.പി.ബിയുടെ ഫാം ഹൗസില്‍ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ചെന്നൈ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി തിരുവള്ളൂര്‍ ജില്ലയിലാണ് താമരപ്പാക്കം ഗ്രാമം. ഏകദേശം ഒരുമണിയോടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ 11 മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ നീണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് കോടമ്പാക്കത്തെ വീട്ടില്‍ നിന്ന് എസ്.പി.ബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. കോടമ്പാക്കത്തു നിന്ന് താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയില്‍ ഉടനീളം വഴിയരികില്‍ കാത്തുനിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഫാം ഹൗസിലെ സ്ഥലത്തു നിന്ന് 500 മീറ്റര്‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് പൊതുദര്‍ശനം പുരോഗമിക്കുന്നത്.
സമൂഹത്തിന്റെ നാനാഭാഗത്തു നിന്ന് ആരാധകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തികൊണ്ടിരിക്കുകയാണ്. ചലചിത്ര താരം റഹ്മാന്, സംവിധായകനായ ഭാരതിരാജ തുടങ്ങിയ നിരവധി പ്രമുഖര്‍ താമരപ്പാക്കത്തെത്തി എസ്.പി.ബിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു..