തുളസിത്തറ
തിരുവനന്തപുരം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഈഴവസമുദായത്തെ പ്രതിനിധീകരിക്കുന്ന എസ്.എന്‍.ഡി.പി.യോഗം എല്‍.ഡി.എഫിനും, നായര്‍ സമുദായത്തിന്റെ സംഘടനയായ എന്‍.എസ്.എസ്. യു.ഡി.എഫിനും ഒപ്പം നിലകൊള്ളുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലും ഇരുസംഘടനകള്‍ക്കും ഇതേ നിലപാടായിരുന്നു.
എസ്.എന്‍.ഡി.പി. യോഗം കൗണ്‍സില്‍ ഇങ്ങനെ ഒരു നിലപാട് എടുത്തിട്ടില്ലെങ്കിലും സംഘടനയുടെ ജീവാത്മാവും പരമാത്മാവുമായ വെള്ളാപ്പള്ളി നടേശന്റെ നിലപാടുതന്നെയാണ് സംഘടനയ്ക്കും ഉള്ളതെന്നറിയുന്നു. എന്‍.എസ്.എസിന്റെ കാര്യത്തിലും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനകള്‍ ഇതു സംബന്ധിച്ച് വ്യക്തമായ സൂചന നല്കുന്നു.
ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി സംസ്ഥാന ഗവണ്മെന്റ് കൈകാര്യം ചെയ്ത രീതിയെച്ചൊല്ലി എന്‍.എസ്.എസും എസ്.എന്‍.ഡി.പി. യോഗവും വിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുതുടങ്ങിയതാണ്. വെള്ളാപ്പള്ളി നടേശന് അയ്യപ്പവിശ്വാസിയാണെങ്കിലും പിണറായി ഗവണ്മെന്റ് മുന്‍കൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയുടെ ചെയര്‍മാനായി. നവോത്ഥാന സമിതിയുമായി വിട്ടുനിന്ന എന്‍.എസ്.എസ്. വനിതാമതിലിലും പങ്കെടുത്തില്ല.
സുപ്രീംകോടതി വിധി നടപ്പാക്കിയതിനെതിരേ നാടെങ്ങും നാമജപഘോഷയാത്ര നടത്തിയതിനു മുന്നില്‍ നിന്നത് എന്‍.എസ്.എസിന്റെയും വനിതാ സമാജത്തിന്റെയും പ്രവര്‍ത്തകര്‍ ആയിരുന്നു. ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ നൂറുകണക്കിന് എന്‍.എസ്.എസ്.
പ്രവര്‍ത്തകരുടെ പേരില്‍ കേസ്സ് ഉണ്ടായി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് എന്‍.എസ്.എസുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ പിണറായി ഗവണ്മെന്റ് ആഗ്രഹിച്ചു. ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന എന്‍.എസ്.എസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെ മഞ്ഞുരുകലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.
എന്നാല്‍ പിണറായി ഗവണ്മെന്റിന്റെ നയം ഇരട്ടത്താപ്പാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കിയതോടെ സംഘടനയ്ക്ക് എല്‍.ഡി.എഫിനോട് ഇപ്പോഴും വിരോധമാണെന്ന് വ്യക്തമായി.
സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ സമാധി ദിനത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കേരളത്തിലെ നവോത്ഥാന നായകരില്‍ ഒരാളാണ് മന്നമെന്ന് വാഴ്ത്തുകയുണ്ടായി. ഈ പ്രശംസയ്ക്ക് ആത്മാര്‍ത്ഥതയില്ലെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയതോടെ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിന്റെ മനസ്സിലിരുപ്പ് സംബന്ധിച്ച വ്യക്തമായ സൂചനയാണ് ഉണ്ടായത്.
വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിലൂടെ പിന്നോക്ക സമുദായക്കാര്‍ക്കു സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി 1924-ല്‍ നടത്തിയ വൈക്കം സത്യഗ്രഹത്തിനു ശക്തി പകരാന്‍ മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ സവര്‍ണ്ണ ജാഥയുടെ നായകന് മന്നത്തു പത്മനാഭനായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് 1931-32 ല്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ മുന്‍നിരയിലും മന്നത്തു പത്മനാഭന് ഉണ്ടായിരുന്നു. ഈ അയിത്തോച്ചാടന പ്രക്ഷോഭങ്ങളാണ് 1936 നവംബര്‍ 12ന് ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണമായത്.
നവോത്ഥാന നായകരില്‍ ഒരാളായ മന്നത്തു പത്മനാഭനോട് സി.പി.എമ്മിന് വിരോധം ഉണ്ടായത് ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരേ നടന്ന വിമോചന സമരത്തില്‍ അദ്ദേഹം പങ്കെടുത്തു എന്നതാണ്. വര്‍ഗ്ഗീയ വിഷം തുപ്പിയ സര്‍പ്പമെന്നു വരെ ചില സി.പി.എം. ബുദ്ധിജീവികള്‍ മന്നത്തെ വിമര്‍ശിച്ചിട്ടുണ്ട്.
2018-ല്‍ തുറന്ന ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തില്‍ നിന്ന് മന്നത്തു പത്മനാഭന്റെ പേര് ഒഴിവാക്കിയതില്‍ എന്‍.എസ്.എസിന് ശക്തമായ പ്രതിഷേധമുണ്ട്. മന്നത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ആ സംഘടനയുടെ രാഷ്ട്രീയ ആഭിമുഖ്യത്തിലേയ്ക്കാണ് വെളിച്ചം വീശുന്നത്.