എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക്‌ ഉദ്ദേശിക്കുന്ന സീറ്റ്‌ കിട്ടില്ല

Share

തുളസിത്തറ

തിരുവനന്തപുരം: രണ്ടു പുതിയ ഘടകകക്ഷികള്‍ കൂടി മുന്നണിയില്‍ ചേര്‍ന്നതോടെ എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ ചോദിക്കുന്ന സീറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പായി.

ഉദ്ദേശിക്കുന്ന സീറ്റുകളില്‍ പലതും കിട്ടാന്‍ സാദ്ധ്യതയില്ല. ഘടകകക്ഷികളുടെ സീറ്റുകളുടെ എണ്ണത്തിലും കാര്യമായ വെട്ടിക്കുറവു വരുത്തേണ്ടിവരും.
2016-ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ്സ്‌ (എം), എല്‍.ജെ.ഡി.(പഴയ ജെ.ഡി.യു.) എന്നീ കക്ഷികള്‍ എല്‍.ഡി.എഫില്‍ ചേര്‍ന്നതോടെ സി.പി.എമ്മും, സി.പി.ഐ.യും അടക്കമുള്ള കക്ഷികള്‍ വിട്ടുവീഴ്‌ച ചെയ്യേണ്ട സ്ഥിതിയാണുള്ളത്‌.

പുതുതായി വന്ന പാര്‍ട്ടികളില്‍ കേരള കോണ്‍ഗ്രസ്സ്‌ (എം) 15 സീറ്റുകളും എല്‍.ജെ.ഡി. 7 സീറ്റുകളും ആവശ്യപ്പെട്ടിട്ടുണ്ട്‌. അത്രയും സീറ്റ്‌ നല്‍കില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ ഇക്കുറി വലിയ ബാദ്ധ്യത ആയേക്കും.
5 സ്വതന്ത്രര്‍ അടക്കം 63 സീറ്റുകളില്‍ ജയിച്ച സി.പി.എം. 2016-ല്‍ 95-ല്‍ പരം സീറ്റുകളിലാണ്‌ മത്സരിച്ചത്‌. 27 മണ്‌ഡലത്തില്‍ മത്സരിക്കുകയും 19 സീറ്റില്‍ ജയിക്കുകയും ചെയ്‌ത സി.പി.ഐ. കഴിഞ്ഞ തവണ അവര്‍ പരാജയപ്പെട്ട ഇരിക്കൂറും കാഞ്ഞിരപ്പള്ളിയും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന്‌ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്‌നം പരിഹരിക്കാന്‍ പോകുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഞായറാഴ്‌ച നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ 15 സീറ്റുകള്‍ എന്ന ആവശ്യം കേരള കോണ്‍ഗ്രസ്സ്‌ ചെയര്‍മാന്‍ ജോസ്‌.കെ.മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്സ്‌ എല്‍.ഡി.എഫില്‍ ചേരുന്നതിനു മുമ്പ്‌ പിണറായി വിജയനും സി.പി.എമ്മും തമ്മില്‍ ഉണ്ടാക്കിയ ധാരണ അനുസരിച്ച്‌ 13 നിയമസഭാ സീറ്റുകളും ജോസ്‌.കെ.മാണി രാജിവച്ച രാജ്യസഭാ സീറ്റും നല്‍കാം എന്നായിരുന്നു വാഗ്‌ദാനം. അതു പാലിക്കുമെന്നു തന്നെയാണ്‌ പാര്‍ട്ടിയുടെ വിശ്വാസം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന്‌ 7 സീറ്റില്‍ മത്സരിക്കുകയും ഒരു സീറ്റില്‍പ്പോലും ജയിക്കാതിരിക്കുകയും ചെയ്‌ത ജെ.ഡി.(യു) പേരുമാറി എല്‍.ജെ.ഡി. ആയി എല്‍.ഡി.എഫില്‍ ചേര്‍ന്നു. അവര്‍ 7 സീറ്റുതന്നെ ചോദിച്ചിരിക്കുകയാണ്‌.

തിരഞ്ഞെടുപ്പിനു മുമ്പ്‌ ജെ.ഡി.(എസ്‌)-ഉം, എല്‍.ജെ.ഡി.യും തമ്മില്‍ ലയിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ലയനം അസാദ്ധ്യമായ പശ്ചാത്തലത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും കൂടി സി.പി.എം. 8 സീറ്റ്‌ നല്‍കാനാണ്‌ തീരുമാനം എന്നറിയുന്നു.
ജെ.ഡി.എസ്‌. കഴിഞ്ഞ തവണ 5 സീറ്റില്‍ മത്സരിക്കുകയും 3 സീറ്റില്‍ ജയിക്കുകയും ചെയ്‌ത പാര്‍ട്ടിയാണ്‌. 3 സീറ്റ്‌ കിട്ടിയ പാര്‍ട്ടിക്കും പൂജ്യം കിട്ടിയ പാര്‍ട്ടിക്കും തുല്യമായി സീറ്റ്‌ വീതിച്ചു നല്‍കാന്‍ ഇടയില്ല. ജെ.ഡി.എസിന്‌ 5-ഉം, എല്‍.ജെ.ഡി.ക്ക്‌ 3-ഉം സീറ്റു ലഭിക്കാനാണ്‌ സാദ്ധ്യത.

2016-ല്‍ 4 സീറ്റില്‍ മത്സരിക്കുകയും ജെ.ഡി.യു.വിനെപ്പോലെ പൂജ്യം സീറ്റ്‌ നേടുകയും ചെയ്‌ത ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്‌ ഇക്കുറിയും 4 സീറ്റ്‌ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. അന്നത്തെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ പിന്നീട്‌ കേരള കോണ്‍ഗ്രസ്സില്‍ (ജോസഫ്‌) ചേര്‍ന്നു. എന്നാല്‍ തൊടുപുഴയില്‍ പി.ജെ.ജോസഫിനെതിരേ മത്സരിച്ച സ്വതന്ത്രന്‍ അഡ്വ.റോയി വാരിക്കാട്ട്‌ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക്‌ ഇക്കുറിയും 4 സീറ്റ്‌ വേണമെന്ന ആവശ്യത്തിലാണ്‌ പാര്‍ട്ടി. സി.പി.എം. 2 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ സാദ്ധ്യതയില്ല.

കഴിഞ്ഞ തവണ എന്‍.സി.പി.ക്ക്‌ 4 സീറ്റാണ്‌ മത്സരിക്കാന്‍ കിട്ടിയത്‌. അന്ന്‌ എലത്തൂരും കുട്ടനാടും ജയിച്ചു. കെ.എം.മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന്‌ പാലായില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അവിടെ മാണി.സി.കാപ്പന്‍ വിജയിച്ചതോടെ പാര്‍ട്ടിക്ക്‌ 3 എം.എല്‍.എ.മാരെ ലഭിച്ചു. മാണി.സി.കാപ്പനും പാര്‍ട്ടിയും മുന്നണി വിട്ട്‌ യു.ഡി.എഫില്‍ ചേരാനിരിക്കേ, 4 സീറ്റെന്ന എന്‍.സി.പി.യുടെ ആവശ്യം എല്‍.ഡി.എഫ്‌. അംഗീകരിക്കാനിടയില്ല.

പരമാവധി 3 സീറ്റുകൊണ്ട്‌ എന്‍.സി.പി. തൃപ്‌തിപ്പെടേണ്ടിവരും. കഴിഞ്ഞ തവണ 4 സീറ്റില്‍ മത്സരിച്ച ഐ.എന്‍.എല്‍-ഉം ഇക്കുറി വിട്ടുവീഴ്‌ച ചെയ്യേണ്ടിവരും. കഴിഞ്ഞ തവണ പത്തനാപുരത്തു ജയിച്ച കേരള കോണ്‍ഗ്രസ്സ്‌ (ബി) ഇക്കുറി കൊട്ടാരക്കര കൂടി ചോദിച്ചിട്ടുണ്ട്‌. 2016-ല്‍ എല്‍.ഡി.എഫ്‌. ടിക്കറ്റില്‍ കടുത്തുരുത്തിയില്‍ മത്സരിച്ചു പരാജയപ്പെട്ട കേരള കോണ്‍ഗ്രസ്സ്‌ (സ്‌കറിയ തോമസ്‌ വിഭാഗം) ഇത്തവണ ആ സീറ്റ്‌ കേരള കോണ്‍ഗ്രസ്സ്‌ (എം) ന്‌ കൈമാറേണ്ടിവരും.

കഴിഞ്ഞ തവണ സി.എം.പി. ടിക്കറ്റില്‍ ചവറയില്‍ നിന്നു ജയിച്ച വിജയന്‍പിള്ള പിന്നീട്‌ സി.പി.എമ്മില്‍ ലയിക്കുകയും അദ്ദേഹം അന്തരിക്കുകയും ചെയ്‌തതോടെ മകന്‍ ഡോ.സുജിത്‌ സി.പി.എം. സ്ഥാനാര്‍ത്ഥിയായി അവിടെ മത്സരിക്കും. ചുരുക്കത്തില്‍ എല്‍.ഡി.എഫിലെ എല്ലാ കക്ഷികളും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകേണ്ടിവരും – സി.പി.എമ്മും, സി.പി.ഐ.യും അടക്കം.

Leave a Reply

Your email address will not be published. Required fields are marked *