എലികളിലും മുയലുകളിലുമുള്ള പരീക്ഷണങ്ങളേക്കാള്‍ ഏറെ സൗകര്യപ്രദം; സീബ്രാഫിഷ് റിസര്‍ച്ച് ഫെസിലിറ്റി സംവിധാനം ആരംഭിച്ചു

Share


 തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് സീബ്രാഫിഷ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമായി. പുതിയ സീബ്രാഫിഷ് റിസര്‍ച്ച് ഫെസിലിറ്റി സംവിധാനത്തിൻ്റെ  ഉദ്ഘാടനം കഴിഞ്ഞദിവസം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

എലികളെയും മുയലുകളെയും മറ്റും പരമാവധി ഒഴിവാക്കിയാണ്  സീബ്രാഫിഷ് ഉപയോഗിച്ചുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ തന്നെ  ചുരുക്കം സ്ഥാപനങ്ങളിലാണ് ഈ പരീക്ഷണം നടത്തുന്നത്. സാധാരണ അസുഖങ്ങളുടെ കാരണം, മരുന്നുകളുടെ പ്രവര്‍ത്തനങ്ങളും പാര്‍ശ്വഫലങ്ങളുമെല്ലാം അനാട്ടമി വിഭാഗത്തില്‍ പരീക്ഷിക്കുന്നത് എലികളിലും മുയലുകളിലുമൊക്കെയാണ്.

എന്നാല്‍ ഇവയിലെ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസമെങ്കിലും വേണ്ടിവരും. മാത്രമല്ല, ഇവയെ വളര്‍ത്തുന്നതിലും പരിപാലിക്കുന്നതിലുമുള്ള ബുദ്ധിമുട്ടുകളും ഏറെയാണ്. സീബ്രാഫിഷ് ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ആഴ്ചകൾ മതിയാകും. സംസ്ഥാന സര്‍ക്കാര്‍ 27 കോടിയോളം രൂപ ചെലവഴിച്ച് പണിത മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലാബിലെ സീബ്രാഫിഷ് റിസര്‍ച്ച് ഫെസിലിറ്റി വിഭാഗത്തിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്.

മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലാബ് 2018-ല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതിനുശേഷമാണ് സീബ്രാഫിഷ് റിസര്‍ച്ച് ഫെസിലിറ്റി സംവിധാനത്തിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേഗത കൈവന്നത്. ഇതി ലേയ്ക്കായി മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ 83 ലക്ഷം രൂപ പ്രത്യേകമായി അനുവദിക്കുകയും ചെയ്തിരുന്നു. സീബ്രാഫിഷ് വളര്‍ത്തുന്നതിന് ആധുനിക സജ്ജീകരണങ്ങളോടെയുള്ള പൂര്‍ണമായും ഓട്ടോമേറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സീബ്രാഫിഷ് ഹൗസിംഗ് സിസ്റ്റവും പരീക്ഷണത്തിനാവശ്യമായ മൈക്രോ ഇന്‍ജക്ടര്‍ തുടങ്ങി വിവിധ ഉപകരണങ്ങളും ഇവിടെയുണ്ട്. ജനിതകരോഗങ്ങള്‍ കണ്ടെത്തുന്നതിന് ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങള്‍ ഈ ലാബിലൂടെ നടത്താന്‍ കഴിയും. സീബ്രാഫിഷ് മുട്ടകള്‍ വേഗത്തില്‍ വിരിയുന്നതും പരിപാലനച്ചെലവ് കുറവായതിനാല്‍ തന്മാത്രാ-ജനിതക വിശകലനത്തിന് അനുയോജ്യമായതിനാലും സീബ്രാഫിഷിനെ ഗവേഷകരില്‍ പ്രിയങ്കരമാക്കുന്നു.

മാതൃശരീരത്തിനു പുറത്തു ബീജസങ്കലനം നടത്തുകയും വികസിക്കുകയും ചെയ്യുന്നതിനാല്‍ ആദ്യകാലപരീക്ഷണങ്ങള്‍ക്കും സൗകര്യപ്രദമാണ്. തിരുവനന്തപുരം ജില്ലയിലെ ചെറു അക്വേറിയങ്ങളില്‍ നിന്നുപോലും സീബ്രാഫിഷ് സുലഭമായി ലഭിക്കുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഒരു ജോഡിയ്ക്ക് പത്തുരൂപയാണ് ഇത്തരം അക്വേറിയങ്ങളില്‍ ഈടാക്കുന്നത്. എന്നാല്‍ ചെന്നൈയില്‍ നിന്നും മറ്റും കൂടുതലായി വാങ്ങിയാല്‍ ഒരെണ്ണത്തിന് ഒരുരൂപ നിരക്കിലും ലഭിക്കും. പത്തോളജി വിഭാഗം മേധാവി ഡോ ജി കൃഷ്ണയാണ് മള്‍ട്ടി റിസര്‍ച്ച് യൂണിറ്റിന്‍റെ നോഡല്‍ ഓഫീസര്‍. ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചര്‍ സീബ്രാ ഫിഷ് റിസർച്ച് ഫെസിലിറ്റിയുടെ ആവശ്യം കണക്കിലെടുത്ത് അത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിരുന്നു.

മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പലും നിലവില്‍ ജോയിന്‍റ് ഡി എം ഇയുമായ ഡോ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ് എന്നിവരും അടുത്തിടെ സർവീസിൽ നിന്നും  വിരമിച്ച സീനിയര്‍ സയന്‍റിഫിക് ഓഫീസര്‍ ഡോ കെ ആര്‍ ചന്ദ്രമോഹനന്‍ നായരും ലാബ് പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ യത്നിച്ചവരില്‍ ഉള്‍പ്പെടുന്നു. റിസര്‍ച്ച് സയന്‍റിസ്റ്റുമാരായ ഡോ പി എസ് ശ്രീജിത്ത്, ഡോ എം അനൂപ്, ലബോറട്ടറി ടെക്നീഷ്യന്‍മാരായ വി ജി ലക്ഷ്മി,  വി എല്‍ മഞ്ജുഷ എന്നിവരാണ് ലാബിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *