എട്ടു നിലയിൽ പൊട്ടി ചെന്നൈ: ധോണിപ്പടയ്ക്ക് മടങ്ങാം

Share

കൊച്ചി:ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്‌സ്‌ പ്ലേ ഓഫ്‌ കാണാതെ പുറത്തേക്ക്‌. മുംബൈ ഇന്ത്യൻസിനോട്‌ പത്ത്‌ വിക്കറ്റിന്‌ തകർന്നടിഞ്ഞ മഹേന്ദ്രസിങ്‌ ധോണിയും കൂട്ടരും സീസണിലെ എട്ടാംതോൽവി ഏറ്റുവാങ്ങി. ഇനി ബാക്കിയുള്ള മൂന്ന്‌ കളികളിൽ ജയിച്ചാലും പ്രതീക്ഷ കുറവാണ്‌. കളിയിലെമ്പാടും സർവാധിപത്യം പുലർത്തിയാണ്‌ മുംബൈ ചെന്നൈയെ മലർത്തിയടിച്ചത്‌. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ട്രെന്റ്‌ ബോൾട്ടും, 37 പന്തിൽ പുറത്താകാതെ 68 റണ്ണടിച്ച ഇഷാൻ കിഷനുമാണ്‌ മുംബൈയുടെ വിജയശിൽപ്പികൾ. സ്‌കോർ: ചെന്നൈ 9–-114, മുംബൈ -0–-116 (12.2). ആദ്യമായാണ്‌ ചെന്നൈ പത്ത്‌ വിക്കറ്റിന്റെ മഹാതോൽവി ഏറ്റുവാങ്ങുന്നത്‌.

അനായാസമായിരുന്നു മുംബൈ റൺ പിന്തുടർന്നത്‌. പേശിവലിവ്‌ കാരണം ക്യാപ്‌റ്റൻ രോഹിത്‌ ശർമ കളിക്കുമുമ്പേ പിൻമാറിയിരുന്നു. കീറൊൺ പൊള്ളാർഡാണ്‌ പകരം അവരെ നയിച്ചത്‌. ക്വിന്റൺ ഡി കോക്കിനൊപ്പം (37 പന്തിൽ 46) ഇഷാൻ എത്തി. ഇരുവരും തകർത്തടിച്ചു. അഞ്ച്‌ സിക്‌സറും ആറ്‌ ബൗണ്ടറിയും ഇഷാൻ നേടിയപ്പോൾ ഡി കോക്ക്‌ രണ്ട്‌ സിക്‌സും അഞ്ച്‌ ഫോറും പായിച്ചു.നേരത്തേ ബോൾട്ടിന്റെ പന്തുകൾക്കുമുമ്പിൽ തകർന്ന ചെന്നൈയെ 47 പന്തിൽ 52 റണ്ണടിച്ച ഓൾറൗണ്ടർ സാം കറനാണ്‌ നൂറ്‌ കടത്തിയത്‌. ആറിന്‌ 30 എന്ന നിലയിലായിരുന്നു ഒരുഘട്ടം.

Leave a Reply

Your email address will not be published. Required fields are marked *