എം.സി കമറുദ്ദീനെ ജയിലിലെത്തി ചോദ്യം ചെയ്തു

Share

കണ്ണൂര്‍: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ ചോദ്യം ചെയ്യൽ തുടങ്ങി. ഇന്ന് രാവിലെ പത്തു മണിക്കാണ് വിജിലൻസ് സംഘം കണ്ണൂർ സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്യൽ തുടങ്ങിയത്.കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളിലാണ് ചോദ്യം ചെയ്യല്‍.

കമറുദ്ദീനെതിരായ ഏഴ് കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയേക്കും.  അതേസമയം, കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നും കമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളിയിരുന്നു. ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ വന്നത്.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ കമറുദ്ദീനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.വി പ്രദീപ് നല്‍കിയ ഹര്‍ജിയും കോടതി നിരാകരിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ള കമറുദ്ദീനെ കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പി.കെ ചന്ദ്രശേഖരന്‍ വാദിച്ചിരുന്നു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കമറുദ്ദീന്‍ അഞ്ചുദിവസം ചികിത്സയില്‍ കഴിഞ്ഞതും രക്തധമനിയില്‍ തടസമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലും അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തി. നേരത്തെ രണ്ടുതവണ കസ്റ്റഡിയില്‍ വിട്ടതാണെന്നും എല്ലാ കേസുകളുടെയും പൊതു സ്വഭാവം ഒന്നാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *