ഉമ്മൻ ചാണ്ടിയുടെ കല്ലെറിഞ്ഞ കേസ് തള്ളാനാവില്ലെന്ന് കോടതി

Share

കണ്ണൂര്‍:  കണ്ണൂരിൽ പ്രസംഗിച്ചു കൊണ്ടിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നെറ്റിയ്ക്ക്  കല്ലെറിഞ്ഞ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി കണ്ണൂര്‍ സബ് കോടതി തള്ളി.കേസ് ഉടന്‍ വിചാരണക്കെടുക്കും. 

ഈ കേസില്‍ കോടതിയില്‍ പ്രതികളോട് ഹാജരാവാന്‍ സമന്‍സ് അയച്ചിരുന്നുവെങ്കിലും അവരാരും എത്തിയില്ല. പ്രതികള്‍ക്ക് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ് സമന്‍സ് അയച്ചിരുന്നത്. കണ്ണൂരില്‍ പൊതുപരിപാടിക്ക് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ എല്‍ ഡി എഫ് പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയത്.

എംഎല്‍എമാരായ ടി വി രാജേഷ്, സി കൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെ നൂറ്റിപതിമൂന്ന് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഗവ. അഡീഷണല്‍ പ്ലീഡര്‍ പി വി അന്‍വര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

ഇതിനോട് അനുബന്ധിച്ച് പോലിസുകാരെ കല്ലെറിഞ്ഞ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് കോടതി തള്ളിയിരുന്നു. പരാതിക്കാരായ പോലീസുകാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് നേരത്തേ തള്ളിയത്.

വിമത സി പി എം നേതാവ് സി ഒ ടി നസീര്‍ കല്ലേറ് കേസില്‍ പ്രതിയായിരുന്നു. താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി നസീര്‍ ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് മാപ്പു ചോദിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തെ കല്ലെറിഞ്ഞ കേസ് കഴിഞ്ഞ ദിവസം സബ് കോടതിയില്‍ പരിഗണനക്കു വന്നത്. സബ് ജഡ്ജി കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *