ഇഡി ഉദ്യോഗസ്ഥർ ബിനീഷിനെയും കൊണ്ട് തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തും

Share

കൊച്ചി:ബെംഗലൂരു മയക്കുമരുന്നു കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഇഡി സംഘത്തിലെ ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത് തുടരുന്നു. കേസിലെ പ്രതി ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് സംഘം എത്തിയിരിക്കുന്നത്. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലടക്കം അന്വേഷണസംഘം പരിശോധന നടത്തിയേക്കും.

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്.

ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. ബിനീഷിന്‍റെ ബിനാമിയെന്ന് കരുതുന്ന അബ്ദുള്‍ ലത്തീഫിനെ ചോദ്യം ചെയ്യാനും, ഇയാളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും നീക്കമുണ്ട്. അബ്ദുള്‍ ലത്തീഫുമായി ചേര്‍ന്ന് വിവിധ കമ്പനികളില്‍ ബിനീഷ് വന്‍ തുക നിക്ഷേപം നടത്തിയെന്നാണ് ഇ.ഡി നിഗമനം.

2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയില്‍ കൊണ്ടുവരുന്നത്. അന്വേഷണസംഘം ബിനീഷിന്‍റെ വീട്ടില്‍ പരിശോധന നടത്തുമെന്നും സൂചനയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *