ആ പത്താംനമ്പർ ജേഴ്സിക്കാരൻ ഇനിയില്ല :
തെരുവുകൾ കണ്ണീര് വീണ് കുതിർന്നു

Share

ബ്യൂണസ് ഐറിസ്:ഒരു ഫുട്ബോൾ താര ത്തിന്റെ വേർപാടിലും ലോകം ഇതുപോലെ വേദനിച്ചിട്ടുണ്ടാകില്ല. ആരും ഇങ്ങനെ അസ്വസ്ഥരായിക്കാണില്ല. എല്ലാവർക്കും ഒറ്റ ഭാവം ‘വീട്ടിലെ ആരോ മരിച്ചപോലെ’. അതായിരുന്നു മാറഡോണ. 

ബുധനാഴ്‌ച രാത്രി അപ്രതീക്ഷിതമായിരുന്നു മരണം‌. തലച്ചോറിൽ രക്തം കട്ടപിടിച്ചതിന്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഹൃദയാഘാതമാണ്‌ ജീവൻ കവർന്നത്‌.

പ്രിയപ്പെട്ട ഫിദൽ കാസ്‌ട്രോയുടെ മരണദിനത്തിൽത്തന്നെ മാറഡോണയുടെ വേർപാടെന്നത്‌ യാദൃച്ഛികതയായി. വിടവാങ്ങൽ വാർത്ത ഞെട്ടലോടെയാണ്‌ ലോകം കേട്ടത്‌‌.  മൂന്ന്‌ ദിവസത്തെ ദുഃഖാചരണമാണ്‌ അർജന്റീനയിൽ.

ടിഗ്രേയിലുള്ള വസതിയിൽനിന്ന്‌ മൃതദേഹം പ്രസിഡന്റിന്റെ ബ്യൂണസ്‌ ഐറിസിലെ കാസറൊസാഡയിലുള്ള കൊട്ടാരത്തിലെത്തിച്ചു. മൃതദേഹത്തിൽ പത്താം നമ്പർ ജേഴ്‌സി‌കളും പൂക്കളും മൂടിയിരുന്നു. ആയിരക്കണക്കിന്‌ ആരാധകരാണ്‌ ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നത്‌.

പലരും വിതുമ്പുന്നു, വാവിട്ട്‌‌ കരയുന്നു‌. പൂക്കളും ചുംബനങ്ങളും വീശിയെറിഞ്ഞ്‌ ഓടിപ്പോകുന്നവരും ധാരാളം. പത്തുലക്ഷത്തോളംപേർ ആദരാഞ്ജലിയർപ്പിക്കുമെന്നാണ്‌ വിവരം.

അതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയാണ്‌ സംസ്‌കാരംഅർജന്റീനയിലെ തെരുവുകൾ കണ്ണീര്‌ വീണ്‌ കുതിർന്നിരിക്കുന്നു. നാപ്പോളി സാൻപൗളോ സ്‌റ്റേഡിയത്തിനും കൊട്ടാരത്തിനും അരികെ പൂക്കളും പത്താംനമ്പർ കുപ്പായവുമായി ആരാധകർ ഒത്തുചേരുന്നു. ചിലർ പാടുന്നു ചിലർ കരയുന്നു. ‌

മാറഡോണയ്‌ക്ക്‌ മരണമില്ലെന്ന്‌ ബാനറുകൾ. ഹൃദയം തകർന്നുപോയെന്ന്‌ പിറുപിറുക്കുന്നവർ. ആർക്കും മാറഡോണയില്ലെന്ന യാഥാർഥ്യം അംഗീകരിക്കാനാകുന്നില്ല. പ്രിയപ്പെട്ടവനെ കാണാൻ കോവിഡ്‌ അവർക്കൊരു തടസ്സമല്ല.ആദരവും അനുശോചനവും അറിയിച്ചുള്ള സന്ദേശങ്ങളാണ്‌ എമ്പാടും. അതിൽ കളിക്കാർ മാത്രമല്ല സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധാനംചെയ്യുന്നവരുമുണ്ട്‌. 

80 പിന്നിട്ട ഫുട്‌ബോൾ രാജാവ്‌ പെലെ കുറിച്ച വരികൾ വൈകാരികമായിരുന്നു ‘ഞങ്ങൾ ഒരു ദിവസം ആകാശത്ത്‌ പന്ത്‌ തട്ടും’. കേരളത്തിലെ ആരാധകരുടെ മനസ്സും പിടയുന്നു. അവരെ ഫുട്‌ബോളിനെ പ്രണയിക്കാൻ പഠിപ്പിച്ചത്‌ മാറഡോണയാണ്‌. എട്ടുവർഷം മുമ്പ്‌ കണ്ണൂരിൽ സ്വകാര്യ ചടങ്ങിനെത്തിയപ്പോൾ അദ്ദേഹത്തെ നേരിട്ടുകാണാനായി. കായികമേഖലയിൽ രണ്ടു ദിവസത്തെ ദുഃഖാചരണത്തിന്‌ കായികമന്ത്രി ഇ പി ജയരാജൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

മാറഡോണയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ അഭിഭാഷകൻ മത്യാസ്‌ മോർല ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‌ 12 മണിക്കൂറോളം വൈദ്യസഹായം ലഭ്യമായിട്ടില്ല. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നാണ്‌ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *