ആറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

Share

കോഴിക്കോട് :കോഴിക്കോട് ജില്ലയിലെഉണ്ണികുളത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വള്ളിയോത്ത് സ്വദേശി രതീഷാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പീഡനക്കേസില്‍ രതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി അല്‍പ്പം കഴിഞ്ഞ് ശുചിമുറിയില്‍ പോകണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനായി മുകളിലെ നിലയിലെ ശുചി മുറിയിലേക്ക് പൊലീസുകാര്‍ കൊണ്ടു പോയ സമയത്താണ് സ്റ്റെപ്പിനു സമീപത്ത് നിന്നും രതീഷ് താഴേക്ക് ചാടിയത്. ഉടന്‍ തന്നെ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു.

ഇയാളുടെ പരിക്ക് ഗുരുതരമല്ല. വടകര റൂറല്‍ എസ്.പി ഡോ. ബി ശ്രീനിവാസും ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു.കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ ഇയാള്‍ പീഡിപ്പിച്ചത്. അച്ഛനും അമ്മയും സമീപത്തെ വീട്ടിലായിരുന്ന സമയത്താണ് പ്രതി വീട്ടിലെത്തി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്ത് രണ്ടും നാലും വയസുള്ള സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു കുഞ്ഞ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. പീഡനത്തിരയായ കുഞ്ഞിനെ ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ കെ നസീറും ബി ബബിതയും സന്ദര്‍ശിച്ചു.മതിയായ ചികിത്സ ലഭ്യമാക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ടെന്ന് അംഗങ്ങള്‍ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച കുട്ടിയുടെ വീട് കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിക്കും

Leave a Reply

Your email address will not be published. Required fields are marked *