അയ്യപ്പന് തിരക്കോട് തിരക്ക്, ഹാജരാകില്ല

Share

തിരുവനന്തപുരം:ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ്‌ സെക്രട്ടറി കെ. അയ്യപ്പൻ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. നിയമസഭയുമായി ബന്ധപ്പെട്ട തിരക്കുള്ളതിനാൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചു. ഇന്നലെയും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അയ്യപ്പൻ എത്തിയിരുന്നില്ല. കേസിൽ കസ്റ്റംസ് തുടർ നടപടി സ്വീകരിച്ചേക്കും.

ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ വെച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നത്. സ്വപ്ന, സന്ദീപ് എന്നിവർ നല്‍കിയ രഹസ്യ മൊഴിയില്‍ സ്പീക്കറിനെ കുറിച്ചും അദ്ദേഹത്തിന്‍റെ ഓഫീസിനെ കുറിച്ചും പരാമർശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സ്പീക്കറുടെ ഓഫീസിലേക്ക് നീട്ടിയത്. സ്പീക്കർ ശ്രീരാമകൃഷ്ണനും സ്വപ്നയുമായി ഉണ്ടായിരുന്ന ഇടപാടുകളെ കുറിച്ച് ചോദിച്ച് അറിയുന്നതിന്‌ വേണ്ടിയാണ് അസിസ്റ്റന്‍റ് പ്രൈവറ്റ്‌ സെക്രട്ടറിയായ കെ അയ്യപ്പനെ കസ്റ്റംസ് വിളിപ്പിച്ചിരുന്നത്. ഡോളർ കടത്തിന് ഏതെങ്കിലും വിധത്തില്‍ സ്പീക്കറെയോ സ്പീക്കറുടെ ഓഫീസിനെയോ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

യുഎഇ കോണ്‍സുലേറ്റ്‌ വഴി വിദേശത്തേക്ക് ഡോളർ കടത്തിയതായി കസ്റ്റംസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍സുലേറ്റിലെ രണ്ട് ഡ്രൈവർമാരെ ചോദ്യം ചെയ്തിരുന്നു. അറ്റാഷയുടേയും കോണ്‍സുല്‍ ജനറലിന്‍റെയും ഡ്രൈവർമാരെയാണ് ചോദ്യം ചെയ്തത്. ഇന്നലെ അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറുടെ ഓഫീസിലെ പ്രധാനിയായ അയ്യപ്പനെ ചോദ്യം ചെയ്തതിന് ശേഷം സ്പീക്കറിലേക്കും ചോദ്യം ചെയ്യല്‍ എത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *