പയ്യന്നൂര്‍: അമാന്‍ ഗോള്‍ഡ് തട്ടിപ്പില്‍ പോലിസ് മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 14 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. അമാൻ ഗോൾഡ് ജ്വല്ലറി ഉടമ വ്യാപകമായി പരാതിയുയർന്നതിനെ തുടർന്ന് ഒളിവിൽ പോയിരിക്കുകയാണ്.
പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനു പിന്നാലെ പയ്യന്നൂരില്‍ വീണ്ടും ജ്വല്ലറി നിക്ഷേപ തട്ടിപ്പ്. നടന്നത് നിരവധി നിക്ഷേപകരെ വെട്ടിലാക്കിയിരിക്കുകയാണ്.മാസങ്ങളായി പൂട്ടിക്കിടക്കുന്ന പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ അമാന്‍ ഗോള്ഡിനെതിരേയാണ് മൂന്ന് പരാതികള്‍ പോലിസിനു മുമ്പാകെ എത്തിയത്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി. നൂറുദ്ദീന്‍, പെരുമ്പയിലെ കെ. കുഞ്ഞാലിമ, കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ടി.പി.ഇബ്രാഹംകുട്ടി എന്നിവരുടെ പരാതികളില്‍ പയ്യന്നൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു..
രാമന്തളി വടക്കുമ്പാട് സ്വദേശിയായ അമാന്‍ ഗോള്‍ഡ് മാനേജിങ് ഡയരക്ടര്‍ പി.കെ മൊയ്തു ഹാജിക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നൂറുദ്ദീനില്‍ നിന്നും 2017 ജൂലൈ ഒന്‍പതിന് 15 ലക്ഷം രൂപയും കുഞ്ഞാലിമയില്‍ നിന്ന് 2016 ഫെബ്രുവരി ഒന്‍പതിന് മൂന്നുലക്ഷം രൂപയും ഇബ്രാഹിം കുട്ടിയില്‍ നിന്ന് 2016 ഒക്ടോബര്‍ 31ന് 20 ലക്ഷം രൂപയും നിക്ഷേപമായി സ്വീകരിച്ചുവെന്നും വ്യവസ്ഥകള്‍ ലംഘിച്ച് പണം തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമുള്ള പരാതികളിലാണ് കേസെടുത്തത്.
വരുമാനം കാണിക്കാന്‍ കഴിയുന്നവരാണ് പരാതികളുമായി എത്തുന്നതെന്നും വരുമാനം കാണിക്കാന്‍ കഴിയാത്തവര്‍ മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും പയ്യന്നൂര്‍ പോലിസ് ഇന്‍സ്പെക്ടര്‍ എം.സി പ്രമോദ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ജ്വല്ലറിക്കെതിരേ കൂടുതല്‍ പരാതികളെത്തി തുടങ്ങിയിട്ടുണ്ട്. നിക്ഷേപകരുടെ പണം മടക്കി നല്‍കാതെ മാസങ്ങള്‍ക്കു മുമ്പേ പയ്യന്നൂരിലെ ജ്വല്ലറി അടച്ചുപൂട്ടിയ നിലയിലാണ്. സമാന രീതിയില്‍ പയ്യന്നൂര്‍ പെരുമ്പയില്‍ രാജധാനി ജ്വല്ലറിയും നിക്ഷേപകരില്‍ നിന്നും കോടികള്‍ വാങ്ങി അടച്ചുപൂട്ടിയിരുന്നു.