അഭിമാനമുണ്ടെങ്കിൽ. ഐസക്ക് ധനമന്ത്രി പദവി രാജിവയ്ക്കണം: കെ.സുരേന്ദ്രൻ

Share

കൊല്ലം:നിയമസഭാ സ്പീക്കറും സി.പി.എമ്മും തള്ളി പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ രാജി വെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഐസക്കിനെതിരായ പരാതി സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതോടെ ബി.ജെ.പി പറഞ്ഞത് വസ്തുതയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കൊല്ലത്ത് നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. 

സി.എ.ജി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുമ്പ് മന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സത്യപ്രതിജ്ഞ ലംഘനമാണ്. നിയമസഭയോട് അനാദരവ് കാണിച്ച മന്ത്രി രാജിവെച്ചേ തീരൂ.

ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ് തോമസ് ഐസക്ക് നടത്തിയത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനായ നിയമസഭാ സ്പീക്കര്‍ തത്വത്തില്‍ മന്ത്രി തെറ്റ് ചെയ്‌തെന്ന് അംഗീകരിച്ചിരിക്കുകയാണ്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം ലംഘിച്ചുവെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഐസക്കിന് കുറച്ച് ദിവസങ്ങളായി കണ്ടകശനിയാണ്. വിജിലന്‍സ് റെയിഡിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പില്‍ ധനമന്ത്രി കീഴടങ്ങിയിരിക്കുകയാണ്.

പിണറായിക്ക് മുമ്പില്‍ മുട്ടിലിഴയുന്ന ഐസക്കിന്റെ അവസ്ഥ ദയനീയമാണ്. രാജിവെച്ചാല്‍ അഴിമതികള്‍ പുറത്താകുമെന്ന ഭയത്തിനാലാണ് മന്ത്രി സ്ഥാനം രാജിവെക്കാത്തത്. വിജിലന്‍സ് റെയിഡിനെ എതിര്‍ത്തതും അപകടം മണത്തായിരുന്നു. കിഫ്ബിയിലും മറ്റും കോടിക്കണക്കിന് രൂപയാണ് അദ്ദേഹം അഴിമതി നടത്തിയത്.

സ്വര്‍ണ്ണക്കടത്തില്‍ വമ്പന്‍ സ്രാവുകളാണ് ശിവശങ്കരന് പിന്നിലുള്ളതെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞത്. ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ സ്വപ്നയേയും ശിവശങ്കരനേയും ഉന്നതര്‍ സഹായിച്ചെന്നുറപ്പാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ തട്ടിപ്പാണെന്ന് ബി.ജെ.പി ആദ്യമേ പറഞ്ഞിരുന്നുവെന്നും സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. 

മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടെ വ്യക്തമാവും. അഴിമതിയുടെ ചെളിക്കുണ്ടിലാണ് പിണറായി സര്‍ക്കാര്‍. മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിലാവട്ടെ പ്രതിപക്ഷ നേതാവടക്കം അഴിമതിയുടെ പിടിയിലാണ്. രണ്ട് മുന്നണികളെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം ശിക്ഷിക്കും. ഇത്തവണ 19,000 സ്ഥലങ്ങളില്‍ മത്സരിക്കുന്ന ബി.ജെ.പി കൊല്ലം ജില്ലയിലുള്‍പ്പെടെ വലിയ നേട്ടമുണ്ടാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *