മലപ്പുറം: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് ആക്രമണം. മലപ്പുറം രണ്ടത്താണിയിൽ വെച്ചാണ് സംഭവം. അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് പിന്നില്‍ മറ്റൊരുവാഹനം കൊണ്ടുവന്ന് അമിതവേഗതയില്‍ ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചതിന് പിന്നാലെ അബ്ദുള്ളക്കുട്ടി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും വാഹനം പിന്നില്‍ കൊണ്ടുവന്ന് ഇടിപ്പിച്ചു.
കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു അബ്ദുള്ളക്കുട്ടി. വാഹനം പിന്തുടർന്ന് ഇടിപ്പിക്കുന്നതിന് മുൻപ് ചായ കുടിക്കാൻ ഹാേട്ടലിൽ കയറിയപ്പോഴും ഒരു സംഘം അദ്ദേഹത്തെ കെെയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും അടിയന്തരമായി അക്രമികളെ കണ്ടെത്താൻ പോലീസ് നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
പോലീസ് സംഭവസ്ഥലത്ത്എത്തിയെങ്കിലും കാറിൽ സഞ്ചരിച്ച അക്രമികളെ കണ്ടെത്താൻ ശ്രമിച്ചില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരാൾ ബിജെപിയുടെ ഉന്നത പദവിയിൽ എത്തിയതിൻ്റെ അസഹിഷ്ണുതയാണിത്.
ഇത്രയും അസഹിഷ്ണുതയോടെ ഒരു പാെതുപ്രവർത്തകനെതിരെ പെരുമാറുന്നത് അപലപനീയമാണെന്ന് കെ. സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.